തൃശ്ശൂർ: കൊടകരയിൽ വെച്ച് കുഴൽപ്പണം കവർന്ന കേസിൽ ബിജെപിക്ക് കുരുക്ക് മുറുകുന്നു. കൊടകരയിൽ നിന്നും പണം കവർച്ച ചെയ്യപ്പെട്ട ശേഷം ധർമ്മരാജൻ ആദ്യം വിളിച്ചത് ബിജെപി നേതാക്കളെയാണെന്ന വിവരം അന്വേഷണം സംഘം സ്ഥിരീകരിച്ചു. കവർച്ചയ്ക്ക് ശേഷം ധർമ്മരാജന്റെ ആദ്യത്തെ ഫോൺ കോൾ പോയത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകനാണെന്നതും ശ്രദ്ധേയമാണ്. പണം നഷ്ടമായ ശേഷം ധർമ്മരാജൻ വിളിച്ച കോളുകളുടെ ലിസ്റ്റിൽ ആദ്യ ഏഴ് നമ്പറുകളും ബിജെപി നേതാക്കളുടെ തന്നെയാണെന്ന് അന്വേഷണസംഘത്തിന് ഉറപ്പായി.
പണം നഷ്ടപ്പെട്ട ധർമ്മരാജൻ തന്നെയാണ് താൻ കൊണ്ടുവന്നത് ബിജെപിയുടെ പണമാണെന്ന് ആദ്യം പോലീസിന് മൊഴി നൽകിയത്. എന്നാൽ ധർമ്മരാജൻ തെരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യാനാണ് വന്നതെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം.
ഇതിനിടെ, കുഴൽപ്പണ കേസിൽ സംസ്ഥാന സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയെങ്കിസും നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി പ്രതിപക്ഷത്തിന്റെ വായടപ്പിക്കുന്നതായിരുന്നു. കൊടകര കുഴൽപണക്കേസിനെ ചൊല്ലി നിയമസഭയിൽ വാക്ക് പോര് തന്നെ നടന്നു.
കുഴൽപ്പണ കേസ് ഒത്തുതീർക്കാൻ ശ്രമമുണ്ടായെന്നാണ് വിഡി സതീശൻ സഭയിൽ ആരോപിച്ചു. ബിജെപി നേതാക്കളുടെ പങ്ക് പറയാതിരിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചെന്നും ബിജെപി പ്രസിഡന്റ് എന്ന് പോലും മുഖ്യമന്ത്രി ഉച്ചരിച്ചില്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ ആരോപിച്ചു.
സാക്ഷിയാകാൻ പോകുന്നയാൾക്ക് പോലീസ് ചോദിക്കുന്ന ചോദ്യങ്ങൾ ദേശാഭിമാനി വഴി മുൻകൂട്ടി അറിയിക്കുന്നു. പോലീസ് അന്വേഷണം വലിച്ചു നീട്ടുകയാണ്. ഈ കേസ് അന്വേഷണം സർക്കസ്സിലെ തല്ലുപോലെയാകരുത്. അന്വേഷണം ശരിയായ രീതിയിലല്ല. സംസ്ഥാന പോലീസ് സോഴ്‌സ് അന്വേഷിക്കുന്നില്ല. മന്ദഗതിയിലാണ് അന്വേഷണം നടക്കുന്നത് മഞ്ചേശ്വരവും പാലക്കാടും ഉൾപ്പെടെ ഏഴ് മണ്ഡലങ്ങളിൽ ബി ജെ പിയെ ജയിപ്പിക്കാനായിരുന്നു ധാരണ. എന്നിങ്ങനെയൊക്കെയാണ് വിഡി സതീശൻ നിയമസഭയിൽ ചോദ്യം ഉയർത്തിയത്.
എന്നാൽ, ഒത്തുകളിയുണ്ടന്നതിന് പ്രതിപക്ഷത്തിന്റെ കൈയ്യിൽ തെളിവുണ്ടോയെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ഉണ്ടെങ്കിൽ പോക്കറ്റിൽ വെക്കാതെ പുറത്ത് വിടണമെന്നും മുഖ്യമന്ത്രി വിഡി സതീശനെ വെല്ലുവിളിച്ചു. തൊഗാഡിയ കേസിലെ ഒത്തുതീർപ്പും എംജി സർവ്വകലാശാലയിൽ എബിവിപി പ്രവർത്തകർ പോലീസുകാരനെ ആക്രമിച്ച കേസും ഒത്തുതീർപ്പാക്കിയത് ആരാണെന്നും ഇതെല്ലാം ജനങ്ങൾക്ക് അറിയാമെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ കോൺഗ്രസിന് മറുപടി നൽകി.