ഒന്നുറങ്ങി എണീറ്റപ്പോഴേയ്ക്കും വൈറലായി, ഒപ്പം തെറ്റിദ്ധാരണകളും; ഞങ്ങള്‍ക്ക് വേണ്ടി പ്രശാന്ത് ബ്രോ സ്യൂട്ട് റൂം ഉള്‍പ്പടെയാണ് ഒരുക്കിയിരിക്കുന്നത്; അറിയാതെ കുറ്റംപറയരുതെന്ന് ഡോക്ടറുടെ അപേക്ഷ

VK Prasanth | Bignewslive

കൊവിഡ് ഹെല്‍പ് ഡെസ്‌കില്‍ ജോലിക്കിടെ ക്ഷീണം മൂലം ബെഞ്ചില്‍ കിടന്നുറങ്ങുന്ന ഡോക്ടറുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. ഒപ്പം എംഎല്‍എ വികെ പ്രശാന്തിന് നേരെയായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. ഹെല്‍പ് ഡെസ്‌കില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. ഇപ്പോള്‍ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയ ഡോക്ടര്‍ മുഹമ്മദ് യാസിന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഡോ. മുഹമ്മദ് യാസിന്റെ വാക്കുകള്‍;

2018 ലെ വെള്ളപ്പൊക്ക സമയം മുതല്‍ വി കെ പ്രശാന്ത് എംഎല്‍എയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊവിഡ് സമയത്ത് ഇത്തരമൊരു ഹെല്‍പ് ഡെസ്‌ക് രൂപീകരിക്കുന്ന കാര്യം വന്നപ്പോള്‍ ഡെസ്‌കില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എല്ലാ സൗകര്യവും വി കെ പ്രശാന്ത് ഉറപ്പുവരുത്തിയിരുന്നു. ശാസ്തമംഗലത്താണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. പിടിപി നഗറിലെ ഫോറസ്റ്റ് ഗസ്റ്റ് ഹൌസില്‍ ഹെല്‍പ് ഡെസ്‌കിലെ എല്ലാ വോളന്റിയേഴ്‌സിനും ആവശ്യമായ റൂമുകള്‍ ബുക്ക് ചെയ്തിരുന്നു ആവശ്യമായ എല്ലാ സൌകര്യവും ഒരുക്കിയിട്ടുണ്ട്. വിശ്രമത്തിനായി സ്യൂട്ട് റൂമാണ് ഇവിടെ ഡോക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുള്ളത്. നാലു പേരാണ് ഈ ഹെല്‍പ് ഡെസ്‌കില്‍ പ്രവര്‍ത്തിക്കുന്നത്. അധികസമയം ജോലി ചെയ്യുന്ന സംഭവവും ഇവിടെ നേരിട്ടിട്ടില്ലെന്നും ഡോക്ടര്‍ യാസിന്‍ പറയുന്നു. ഒന്നുറങ്ങി എണീറ്റപ്പോഴേയ്ക്കും ചിത്രം വൈറലായെന്നും വ്യാപകമായ തെറ്റിധാരണയ്ക്കും കാരണമായതായി മനസിലായി.

ഇന്നലെ രാവിലെ കുറച്ച് കേസുകള്‍ ഉണ്ടായിരുന്നു അത് കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഹെല്‍പ് ഡെസ്‌കിലെത്തുന്നത്. വന്നതിന് പിന്നാലെ ഭക്ഷണം കഴിച്ചു. നല്ല ക്ഷീണം തോന്നിയപ്പോള്‍ ഗസ്റ്റ് ഹൌസിലേക്ക് പോയില്ല ഹെല്‍പ് ഡെസ്‌കില്‍ തന്നെ കിടന്ന് മയങ്ങി. പലപ്പോഴും പോയി വരാനുള്ള മടി കരുതി ഇങ്ങനെ നേരത്തെയും ചെയ്തിട്ടുണ്ട്. എണീറ്റപ്പോള്‍ ഏകദേശം എട്ട് മണി കഴിഞ്ഞിരുന്നു. നല്ല പോലെ ഉറങ്ങിയതിനാല്‍ ആരും വിളിക്കാനും നിന്നില്ല. ഇതിനിടയില്‍ എപ്പോഴോ എടുത്ത ചിത്രമാണ് ഹെല്‍പ് ഡെസ്‌കിലെ വോളന്റിയേഴ്‌സിന് സൌകര്യങ്ങളില്ലെന്ന പേരിലാണ് വൈറലാവുന്നത്.

അത് വസ്തുതയ്ക്ക് നിരക്കാത്ത സംഭവമാണ്. ഹെല്‍പ് ഡെസ്‌ക് തുടങ്ങിയ സമയത്ത് ഭക്ഷണം പുറത്തുനിന്ന് കൊണ്ടുവരികയായിരുന്നു. എന്നാല്‍ പിന്നീട് ഹെല്‍പ് ഡെസ്‌കില്‍ തന്നെ ഭക്ഷണം തയ്യാറാക്കാന്‍ ഒരാളെ ചുമതലപ്പെടുത്തുകയായിരുന്നു. ഇത് വോളന്റിയേഴ്‌സിന്റെ സൗകര്യം കണക്കിലെടുത്ത് വരുത്തിയ മാറ്റമാണ്. ഇതുപോലെ തന്നെ ഒരു ആവശ്യം പറഞ്ഞാല്‍ ഉടനേ തന്നെ തീരുമാനം ഉണ്ടാവുന്ന ഇടത്തേക്കുറിച്ചാണ് ഇത്തരത്തില്‍ തെറ്റായ രീതിയിലുള്ള കുറ്റപ്പെടുത്തലെന്നും ഡോക്ടര്‍ യാസിന്‍ പറയുന്നു. ഉറങ്ങി എണീറ്റപ്പോഴേയ്ക്കും ഹെല്‍പ് ഡെസ്‌കിലെ വോളന്റിയേഴ്‌സിന് സൗകര്യങ്ങളില്ലെന്ന പ്രതിഷേധമായി. ശരിക്ക് പറഞ്ഞാല്‍ ഒന്ന് ഉറങ്ങി എണീറ്റപ്പോഴേയ്ക്കും സംഗതികള്‍ കയ്യീന്ന് പോയി. ഈ പോസ്റ്റ് കണ്ടു പൊതുസമൂഹം ധരിച്ചിരിക്കുന്നതല്ല വാസ്തം.

Exit mobile version