തൃശ്ശൂര്‍: മേശനിറയെ ഭക്ഷണസാധനങ്ങള്‍, അതിന് തൊട്ടടുത്തായി ഒരു ബോര്‍ഡും-‘ആവശ്യക്കാര്‍ എടുക്കുക’! ഈ കോവിഡ് കാലത്ത് ജോലിയും കൂലിയുമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ വിശന്നിരിക്കാതിരിക്കാന്‍ മേശ നിറയെ ഭക്ഷണത്തിനുള്ള വകയൊരുക്കിയിരിക്കുകയാണ് ഒരു കുടുംബം.
തൃശൂര്‍ വിയ്യൂര്‍ ഹാപ്പി അവന്യൂവിലെ ഒരു വീട്ടുമുറ്റത്താണ് ഇത്തരത്തില്‍ ഭക്ഷണസാധനങ്ങള്‍ ആവശ്യക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. വേലൂക്കാരന്‍ വീട്ടില്‍ വി.കെ. സൈമണും കുടുംബവും തുറന്നിടുന്ന പടിവാതില്‍ കടന്നുവന്ന് ആവശ്യക്കാര്‍ക്ക് ഭക്ഷണമെടുക്കാം.
നിരവധി പേരാണ് ഈ ലോക്ഡൗണ്‍ സമയത്ത് കഷ്ടപ്പെടുന്നത്. ഇത് കണ്ട് വീട്ടിലെ ഒരു ചാക്ക് നാളികേരമാണ് ആദ്യമായി കുടുംബം മുറ്റത്ത് വച്ചത്. ഉദ്ദേശ്യമറിയിച്ച് ബോര്‍ഡും വച്ചെങ്കിലും ആളുകളൊന്ന് ശങ്കിച്ചു. പിന്നീട് പതിവായപ്പോള്‍ ആളുകള്‍ കൂടി വന്നു.
അങ്ങനെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഓരോ ദിവസവും പച്ചക്കറി, പാല്, മുട്ട, ബ്രഡ്, കൊള്ളി, കായ, ചക്ക, മാങ്ങ എന്നിങ്ങനെ മാറി മാറി വച്ചു. ആദ്യമാദ്യം 15 എണ്ണം വച്ച കിറ്റുകളുടെ എണ്ണം ഇപ്പോള്‍ ഇരട്ടിയിലധികമായി. വിയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ച ശേഷമാണ് സൈമണ്‍ ഉദ്യമം ആരംഭിച്ചത്.
നന്മ കണ്ടറിഞ്ഞ് സ്റ്റേഷന് അങ്കണത്തില്‍ മാവില്‍നിന്ന് അരച്ചാക്ക് മാങ്ങ പൊലീസ് തന്നെ കൈമാറി. മറ്റൊരിക്കല്‍, പൊലീസ് ആവശ്യപ്പെട്ട പ്രകാരം മാറ്റാംപുറത്തെയും ചേറൂരിലെയും 2 നിര്‍ധന കുടുംബങ്ങള്‍ക്കു കിറ്റ് നല്കിയപ്പോള് സൈമണ്‍ 500 രൂപ വീതം അതില്‍ വച്ചു.
പച്ചക്കറികള്‍ പലയിടത്തുനിന്നും ശേഖരിച്ച് ഭാര്യ ആലീസും മക്കളും മരുമകളും ചേര്‍ന്നാണ് പാക്ക് ചെയ്യുന്നത്. ഒരു പാക്കറ്റില്‍ 5 മുട്ട വീതം വയ്ക്കും. ബ്രഡ് പാക്കറ്റിനൊപ്പം ഒരു പാക്കറ്റ് പാലും ഉണ്ടാകും. മേശപ്പുറത്ത് കിറ്റുകളാക്കി രാവിലെ കൃത്യം 9നു പടിവാതില്‍ തുറന്നിടും.
15 മിനിറ്റിനകം സാധനങ്ങള്‍ തീരും. ‘2018ലെ പ്രളയകാലത്ത് ആവശ്യക്കാര്‍ക്ക് അരിയും സാധനങ്ങളും വീട്ടിലെത്തിച്ചു നല്‍കിയിരുന്നു. ഇപ്പോഴത്തെ സ്ഥിതി അതല്ലല്ലോ. പാക്കറ്റുകളുടെ എണ്ണം കൂട്ടണമെന്നും ലോക്ഡൗണ്‍ തീരും വരെയെങ്കിലും ഈ പതിവു തുടരണമെന്നുമാണ് ആഗ്രഹം.’-സൈമണും കുടുംബവും പറയുന്നു.
Discussion about this post