തൃശ്ശൂര്‍: കവിത മോഷണ കേസിലെ ആരോപണ വിധേയയായ എഴുത്തുകാരിയും തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അധ്യാപികയുമായ ദീപാ നിശാന്തിനെതിരെ കോളജ് പ്രിന്‍സിപ്പലിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കൈമാറി.
യുവകവി എസ് കലേഷിന്റെ കവിത തന്റേതെന്ന് പറഞ്ഞ് ദീപാ നിശാന്ത്അധ്യാപക സംഘടനയായ ഓള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ചെന്നാണ് വിവാദം. എന്നാല്‍ സംഭവം വിവാദമായപ്പോള്‍ എംജെ ശ്രീചിത്രന്‍ തന്റെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ തന്നതാണെന്ന കുറ്റസമ്മതവും ദീപ നടത്തിയിരുന്നു. കവിത മോഷണ ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കോളജിന്റെ അന്തസിനെ ബാധിച്ചതായി വിമര്‍ശനം ഉയര്‍ന്നിരുന്നു.
കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍, മലയാള വിഭാഗം അധ്യാപികയായ ദീപാ നിശാന്തിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 21 ന് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് സെക്രട്ടറി വിഎ ഷീജ വ്യക്തമാക്കി.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് കേരള വര്‍മ്മ കോളേജ്.
Discussion about this post