കൊച്ചി: സിപിഐ നേതാവും ഹൊസ്ദുര്‍ഗ് മുന്‍ എംഎല്‍എയുമായ എം നാരായണന് സഹായവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. ഹൃദയശസ്ത്രക്രിയയ്ക്ക് മുമ്പ് ആശുപത്രിയില്‍ അഞ്ചു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന് തുടര്‍ന്നാണ് മമ്മൂട്ടി സഹായഹസ്തം നീട്ടി രംഗത്തെത്തിയത്.
തിരുവനന്തപുരം നിംസില്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങളെല്ലാം ചെയ്യുകയും അത് നാരായണനെ അറിയിക്കുകയും ചെയ്തു. അതേസമയം, വാര്‍ത്ത കണ്ട് പാര്‍ട്ടിയില്‍ നിന്ന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അറിയിച്ചതായി നാരായണും അറിയിച്ചു.
ശ്രീചിത്രയില്‍ നിന്ന് 70 ദിവസത്തേക്കുള്ള മരുന്നുവാങ്ങി. ഓഗസ്റ്റ് 13 നാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. അതിനുമുമ്പ് പണം ശരിയാക്കാമെന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി സാറിന്റെ ഓഫിസില്‍ നിന്ന് വിളിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാ ഏര്‍പ്പാടുകളും മമ്മൂട്ടി നേരിട്ട് ചെയ്തിട്ടുണ്ടെന്നും എന്നു വേണമെങ്കിലും ഇത് ആവാമെന്നാണ് അറിയിച്ചതെന്നും നാരായണന്‍ പറയുന്നു.
”സിപിഐ പ്രവര്‍ത്തകനെന്ന നിലയ്ക്ക് ശസ്ത്രക്രിയയ്ക്ക് പാര്‍ട്ടിയുടെ തന്നെ സഹായം സ്വീകരിക്കാനാണ് തീരുമാനം. വേറെ സഹായങ്ങള്‍ അദ്ദേഹം നല്‍കിയാല്‍ സ്വീകരിക്കും. നേരിട്ടു വിളിക്കാമെന്നു മമ്മൂട്ടി സാര്‍ പറഞ്ഞിട്ടുണ്ട്. നേരിട്ട് കാണണമെന്നും ആഗ്രഹമുണ്ട്. പക്ഷെ എനിക്ക് ഇപ്പോള്‍ യാത്രചെയ്യാന്‍ കഴിയില്ലല്ലോ?. എന്നെപ്പോലുള്ള ഒരാളെ സഹായിക്കാനുള്ള മനസ്സ് അദ്ദേഹം കാണിച്ചതിന് ഒരുപാട് നന്ദിയുണ്ട്.” നാരായണന്‍ കൂട്ടിച്ചേര്‍ത്തു. പണത്തിന്റെ ബുദ്ധിമുട്ട് കൊണ്ടാണ് ശസ്ത്രക്രിയ ഓഗസ്റ്റ് 13 ലേക്കു നീട്ടിവച്ചത്. എന്നാല്‍, ഇത് അല്‍പം നേരത്തേ ചെയ്താല്‍ ആരോഗ്യം കുറച്ചുകൂടി മെച്ചപ്പെടുമെന്നാണ് അറിഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.