തിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം തന്റെ മകന്‍ കെഎസ് ഹരികൃഷ്ണനിലേക്ക് എത്തില്ലെന്ന് ഉറപ്പു പറയുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്ന ബിജെപി ദേശീയ സമിതി അംഗം സി.കെ പത്മനാഭന്റെ പരാമര്‍ശവും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.
മാധ്യമങ്ങള്‍ കൊടുക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും മകന്‍ ധര്‍മ്മരാജനെ വിളിച്ചോ ഇല്ലെയോ എന്നത് പൊലീസ് അന്വേഷിക്കട്ടെയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ”എന്റെ മകനിലേക്ക് ഒരു അന്വേഷണവും എത്തിക്കാന്‍ കഴിയില്ല. എന്റെ മകന്‍ എന്തിനാണ് ധര്‍മ്മരാജനെ വിളിക്കുന്നത്. ഏത് മൊഴികളുടെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇത് പറയുന്നത്?”- സുരേന്ദ്രന്‍ ചോദിച്ചു.
”ധര്‍മ്മരാജനെ മകന്‍ വിളിച്ചോ ഇല്ലെയോ എന്നത് പൊലീസ് അന്വേഷിച്ച് പറയട്ടെ. മാധ്യമങ്ങള്‍ കൊടുക്കുന്നത് വ്യാജവാര്‍ത്തകളാണ്. ഒരു കുറ്റവും ചെയ്യാതെ ഞാന്‍ 300 കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ്. ഈ സര്‍ക്കാരില്‍ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാണ് ഞാന്‍ ഇവിടെയിരിക്കുന്നത്.”- സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, കൊടകര കുഴല്‍പ്പണക്കേസിലെ പരാതിക്കാരനായ ധര്‍മ്മജന് ബിജെപിയുമായി ബന്ധമുണ്ടെന്നും കുമ്മനം രാജശേഖരനും വി മുരളീധരനും കെ സുരേന്ദ്രനും സമ്മതിച്ചു ധര്‍മ്മജന്‍ ബിജെപിക്കാരന്‍ തന്നെയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ധര്‍മ്മരാജന് പോസ്റ്ററുകള്‍ എത്തിക്കുന്നതടക്കമുള്ള ജോലികള്‍ ഏല്‍പ്പിച്ചിരുന്നെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.