കാസര്‍കോട്: തെരഞ്ഞടുപ്പില്‍ മത്സരിക്കാതിരിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പണം നല്‍കിയെന്ന് വെളിപ്പെടുത്തി കഴിഞ്ഞ ദിവസം മഞ്ചേശ്വരത്തെ സുരേന്ദ്രന്റെ അപരസ്ഥാനാര്‍ത്ഥി കെ സുന്ദര രംഗത്തെത്തിയിരുന്നു. ഇത് ബിജെപിക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. കെ സുരേന്ദ്രന് പണം നല്‍കിയെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ബിജെപിക്കാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് തുറന്നുപറയുകയാണ് കെ സുന്ദര.
സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കാന്‍ കെ സുരേന്ദ്രന് പണം തന്നിട്ടില്ലെന്ന് പറയാന്‍ തന്റെ അമ്മയോട് ബിജെപിക്കാര്‍ ആവശ്യപ്പെട്ടെന്നും തന്നെയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയെന്നുമാണ് മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചിരുന്ന സുന്ദര പറയുന്നത്.
ഭീഷണിയെത്തുടര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട് പറയാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സുന്ദര പറഞ്ഞു. മനോരമ ന്യൂസിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. പത്രിക പിന്‍വലിക്കുന്നതിനായി സുരേന്ദ്രന്റെ കൈയ്യില്‍ നിന്നും പണം വാങ്ങിയത് തെറ്റാണെന്ന് കെ സുന്ദര തുറന്ന് സമ്മതിച്ചു.
എന്നാല്‍ ഇപ്പോള്‍ വാങ്ങിയ പണം തിരിച്ചു കൊടുക്കാന്‍ നിര്‍വ്വാഹമില്ല. പണം വീട്ടാവശ്യങ്ങള്‍ക്കും മരുന്നിനും മറ്റുമായി ചെലവായിപ്പോയി. ആരുടേയും പ്രലോഭനത്തിന് വഴങ്ങിയല്ല പണം വാങ്ങിയ കാര്യം തുറന്നുപറഞ്ഞതെന്നും കെ സുന്ദര കൂട്ടിച്ചേര്‍ത്തു.
കെ സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കേസെടുത്തു. മഞ്ചേശ്വരത്തെ പ്രാദേശിക ബിജെപി നേതാക്കള്‍ക്കെതിരെയും കേസുണ്ട്. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിവി രമേശ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
Discussion about this post