കാസര്‍കോട്: തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാന്‍ പണം നല്‍കിയെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിവി രമേശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
മഞ്ചേശ്വരത്തെ പ്രാദേശിക ബിജെപി നേതാക്കള്‍ക്കെതിരെയും കേസുണ്ട്. പ്രാഥമിക അന്വേഷണം കാസര്‍കോട് പൊലീസ് ആരംഭിച്ചിട്ടുണ്ട്. മഞ്ചേശ്വരത്തെ കെ സുരേന്ദ്രന്റെ അപരസ്ഥാനാര്‍ത്ഥിയായിരുന്നു കെ സുന്ദര. കഴിഞ്ഞ ദിവസമാണ് ബിജെപി നേതാക്കള്‍ പണം നല്‍കിയത് കൊണ്ടാണ് താന്‍ പത്രിക പിന്‍വലിച്ചതെന്ന് കെ സുന്ദര വെളിപ്പെടുത്തിയത്.
ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും പണം വീട്ടിലെത്തി അമ്മയുടെ കൈയ്യില്‍ കൊടുക്കുകയായിരുന്നുവെന്നും സുന്ദര പറഞ്ഞു. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് വിജയിച്ച് കഴിഞ്ഞാലും സുന്ദരക്ക് വലിയ വാഗ്ദാനങ്ങളാണ് നല്‍കിയത്.
ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.