തിരുവനന്തപുരം; കള്ളിന്റെ വില്‍പ്പനയെ പ്രോത്സാഹിപ്പിച്ച് ആരോഗ്യ പാനീയമായി അവതരിപ്പിക്കാന്‍ ഒരുങ്ങി കേരള സര്‍ക്കാര്‍. പ്രായം, ലിംഗ ഭേദം എന്നിവ പരിഗണിക്കാതെ എല്ലാവര്‍ക്കും കഴിക്കാവുന്ന ഒരു പാനീയം എന്ന നിലയില്‍ കള്ളിനെ ബ്രാന്‍ഡ് ചെയ്യാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. കള്ള് ബോര്‍ഡ് രൂപീകരിക്കുന്നതിന് പരിഗണിക്കുന്ന ഒരു പ്രധാന നിര്‍ദേശമാണ് കള്ളിനെ ഒരു സാര്‍വത്രിക പാനീയമാക്കുക എന്നത്. കള്ളിനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ നീക്കുന്നതിന് ശ്രമം നടത്തുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
ബോര്‍ഡ് രൂപീകരിക്കുന്നതോടെ ശുദ്ധമായ കള്ള് വിപണിയില്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. ഇതോടൊപ്പം കള്ളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി നിയമ നിര്‍മാണം നടത്തും.
സംസ്ഥാനത്തു കള്ളിന്റെ വില്‍പ്പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നേരത്തെ ത്രീ സ്റ്റാര്‍ കാറ്റഗറിയില്‍ വരുന്ന ഹോട്ടലുകള്‍ക്ക് കള്ള് വില്‍ക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും ആരും വില്‍ക്കാന്‍ തയാറായില്ല. ഇതിന് പരിഹാരമായി ടൂറിസ്റ്റു കേന്ദ്രങ്ങളില്‍ കള്ള് വില്‍പ്പനയ്ക്ക് പ്രത്യേക പാര്‍ലറുകള്‍ തുറക്കും. ബോട്ടില്‍ ചെയ്ത, ബ്രാന്‍ഡ് ചെയ്ത കള്ള് വില്‍പ്പനക്കെത്തിക്കുന്നതിനും പദ്ധതിയുണ്ട്.
കള്ളിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് തെങ്ങു കൃഷി വ്യാപിപ്പിക്കേണ്ടതുണ്ട്. ഇതിനായി കേരഗ്രാമം എന്ന പേരില്‍ പദ്ധതി നടപ്പാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.