നാളെ വൈകുന്നേരം ഞാന്‍ വിളിക്കും, അത് അവിടെ നിന്ന് മാറണം; ഫോണ്‍-ഇന്‍ പ്രോഗ്രാമിലെത്തിയ പരാതിക്ക് ഉടനടി പരിഹാരം, കൈയ്യടി നേടി മന്ത്രി മുഹമ്മദ് റിയാസ്

Minister PA Muhammed Riyas | Bignewslive

തിരുവനന്തപുരം: ‘കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് റോഡരികില്‍ ഉപേക്ഷിച്ചു പോയതാണ് ഒരു ടാര്‍ മിക്‌സിംഗ് യന്ത്രം, താണിശ്ശേരി കരാഞ്ചിറ റോഡിലെ വളവില്‍ അപകട സാധ്യത ഉണ്ട്, മാറ്റാന്‍ ഇടപെടണം’ തൃശൂര്‍ നെടുമ്പുറയിലെ സുമിത്രന്‍ എന്ന വ്യക്തിയുടെ പരാതിയാണ് ഇത്.

പൊതുമരാമത്ത് – ടൂറിസം മന്ത്രിയുമായുള്ള തത്സമയ ഫോണ്‍-ഇന്‍ പരിപാടിയിലാണ് പരാതി എത്തിയത്. പരാതി എത്തിയപ്പാടെ, കോള്‍ ഹോള്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചുകൊണ്ട് പരിപാടിക്കിടെ തന്നെ മന്ത്രി മുഹമ്മദ് റിയാസ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ചു. 24 മണിക്കൂറിനകം ഇത് മാറ്റാന്‍ നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. നാളെ വൈകുന്നേരം ഞാന്‍ വിളിക്കും, അത് അവിടെ നിന്ന് മാറണമെന്ന് മന്ത്രി കര്‍ശന താക്കീത് നല്‍കി. മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം വെള്ളിയാഴ്ച രാവിലെ എത്തി ടാര്‍ മിക്‌സിംഗ് യൂനിറ്റ് സ്ഥലത്തു നിന്നും മാറ്റുകയും ചെയ്തു.

മഴക്കാലത്ത് ആഴ്ചയില്‍ ഒരു ദിവസം എന്ന നിലയില്‍ ഫോണ്‍ ഇന്‍ പ്രോഗ്രാം സംഘടിപ്പിക്കാനായിരുന്നു തീരുമാനം. കഴിഞ്ഞ രണ്ട് ആഴ്ചകളിലും പരിപാടിയില്‍ നിരവധി കോളുകള്‍ എത്തി. ഉടന്‍ പരിഹാരം കാണാന്‍ കഴിയുന്നവയ്ക്ക് വേഗത്തില്‍ തന്നെ പരിഹാരം കാണുന്നുണ്ട്. പരാതികളുടെ പുരോഗതി ആഴ്ചയിലൊരിക്കല്‍ അവലോകനം ചെയ്യുകയും ചെയ്യും. ‘റോഡറിയാന്‍ ജനങ്ങളിലേക്ക് ‘ എന്ന ലക്ഷ്യത്തോടെയാണ് തത്സമയ ഫോണ്‍-ഇന്‍ പരിപാടി സംഘടിപ്പിച്ചത്.

Exit mobile version