കണ്ണൂര്‍: കൊടകര കുഴല്‍പണ കേസില്‍ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ സമിതി അംഗവുമായ സികെ പദ്മനാഭന്. ഉപ്പു തിന്നവര്‍ ആരായാലും വെള്ളം കുടിക്കും. അത് പ്രകൃതിനിയമമാണ് എന്ന് സികെ പദ്മനാഭന്. ബിജെപിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനോടാണ് സികെ പദ്മനാഭന്റെ പ്രതികരണം.
ഉപ്പു തിന്നവര്‍ ആരാണോ അവര്‍ വെള്ളം കുടിക്കും. അത് പ്രകൃതിനിയമമാണ്. ഈ പരിസ്ഥിതി ദിനത്തില്‍ തനിക്ക അത് മാത്രമാണ് പറയാനുള്ളത്. പരിസ്ഥിതി മാത്രമല്ല, രാഷ്ട്രീയവും മലീമസമായിരിക്കുകയാണെന്നും പരിസ്ഥിതി ദിനത്തില്‍ അദ്ദേഹം പറഞ്ഞു.
അതിനിടെഅന്വേഷണ സംഘം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സെക്രട്ടറിയെ ചോദ്യം ചെയ്തു. സുരേന്ദ്രന്റെ ഡ്രൈവറേയും ചോദ്യം ചെയ്തു. കുഴല്‍പ്പണ കവര്‍ച്ചാകേസിലെ മുഖ്യപ്രതിയായ ധര്‍മ്മരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നല്കി.
ധര്‍മരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രഹികള്‍ ധര്‍മ്മജനെ ഏല്പിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണില്‍ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. കെ.സുരേന്ദ്രനും ധര്‍മ്മരാജനെ പരിചയമുണ്ടെന്നാണ് മൊഴിയില്‍ പറയുന്നത്.
Discussion about this post