കൊച്ചി: കോവിഡ് ലോക്ക്ഡൗൺ രണ്ടുതവണ ചതിച്ചതോടെ കോടതിയുടെ സഹായം തേടിയ ബെഫിക്കും ഡെന്നിസിനും ഒടുവിൽ നിയമത്തിന്റെ പരിരക്ഷയിൽ വിവാഹം. കഴിഞ്ഞ മേയിൽ നിശ്ചയിച്ചിരുന്ന വിവാഹം അന്ന് ദേശീയ ലോക്ക്ഡൗൺ ആണ് ‘മുടക്കിയത്’ എങ്കിൽ ഈ മേയിൽ നിശ്ചയിച്ച വിവാഹം സംസ്ഥാനം ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടർന്ന് നീണ്ടുപോവുകയായിരുന്നു.
തൃശ്ശൂർ സ്വദേശിനി ബെഫി ജീസണിന്റെയും പൂഞ്ഞാറിൽ വേരുകളുള്ള അമേരിക്കൻ പൗരൻ ഡെന്നിസ് ജോസഫ് തോമസിന്റെയും വിവാഹമാണ് കഴിഞ്ഞ വർഷം മേയ് അഞ്ച് മുതൽ നീണ്ടു നീണ്ടുപോയത്. ഒടുവിൽ കോടതി ഇടപെടലിൽ വെള്ളിയാഴ്ച വിവാഹം മംഗളകരമായി നടന്നു. 2019 മേയ് 17നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. തുടർന്ന് ഒരു വർഷമാകുന്നതിനിടെ 2020 മേയ് അഞ്ചിന് വിവാഹം നടത്താമെന്നുമായിരുന്നു ഇരുകുടുംബങ്ങളുടേയും തീരുമാനം. എന്നാൽ ലോക്ക്ഡൗൺ പദ്ധതികളെ തകർത്തു. തുടർന്ന് ഈ വർഷം മേയ് അഞ്ചിന് വിവാഹം നടത്താൻ തീരുമാനിച്ചു. ഇതിനായി ഡെന്നിസ് 2021 മേയിൽ കേരളത്തിലെത്തി. അപ്പോഴേക്കും കേരളത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. വിസയുടെ കാലാവധി കഴിയുന്നതിനാൽ വിവാഹത്തിനു ശേഷം ജൂൺ അഞ്ചിന് അമേരിക്കയിലേക്ക് മടങ്ങണമായിരുന്നു.
30 ദിവസത്തെ നോട്ടീസ് കാലാവധി പാലിക്കാൻ സാധിക്കാത്തതിനാൽ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താനുമാകുമായിരുന്നില്ല. അതിനാൽ കൊച്ചിൻ ക്രിസ്ത്യൻ സിവിൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകി. സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കാത്തത് കണക്കിലെടുത്തായിരുന്നു ഇത്. എന്നാൽ, ഇതിൽ നടപടി ഉണ്ടായില്ല.
തുടർന്നാണ് ഇരുവരും കോടതിയെ സമീപിച്ചത്. കോവിഡ് കാരണമാണ് വിവാഹം നീട്ടിവെയ്‌ക്കേണ്ടി വന്നതെന്നത് കണക്കിലെടുത്ത് വെള്ളിയാഴ്ച തന്നെ വിവാഹം നടത്താൻ കോടതി നിർദേശിക്കുകയായിരുന്നു. വെള്ളിയാഴ്ച ഇരുവരുടെയും വിവാഹം നടത്തി നൽകാൻ തൃശ്ശൂർ കുട്ടനെല്ലൂർ സബ് രജിസ്ട്രാർ ഓഫീസറോടാണ് കോടതി നിർദേശിച്ചത്.
കോവിഡ് കാരണം ഒരു വർഷത്തോളം നീട്ടിവെയ്‌ക്കേണ്ടി വന്ന വിവാഹം അടിയന്തരമായി നടത്തണമെന്ന് നിർദേശിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്. വെള്ളിയാഴ്ച വിവാഹം നടത്തി അന്നു തന്നെ വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകാനുമാണ് ജസ്റ്റിസ് എൻ നഗരേഷ് നിർദേശിച്ചത്. വിസ കാലാവധി ഉടനെ തീരുന്നതിനാൽ ജൂൺ അഞ്ചിന് വരന് അമേരിക്കയിലേക്ക് മടങ്ങേണ്ടതാണ്. ഇതും പരിഗണിച്ചായിരുന്നു കോടതിയുടെ ഇടപെടൽ. തുടർന്നാണ് തൃശ്ശൂർ കുട്ടനെല്ലൂർ സബ് രജിസ്ട്രാർ ഓഫീസിൽ എത്തി ഇരുവരും വിവാഹിതരായി.
Discussion about this post