സുരേന്ദ്രന്‍ വന്നിറങ്ങിയ ഹെലികോപ്റ്ററില്‍ നിന്ന് കാറിലേക്ക് മാറ്റിയ രണ്ട് പെട്ടികള്‍ എന്താണ്; വ്യക്തമാക്കണമെന്ന് പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി

റാന്നി: തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ നിന്ന് മാറ്റിയ പെട്ടികളിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി വിആര്‍ സോജി. ഹെലികോപ്ടറില്‍ നിന്നും സുരേന്ദ്രന്‍ കാറിലേക്ക് മാറ്റിയ പെട്ടികളില്‍ എന്തായിരുന്നുവെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കണമെന്നും സോജി ആവശ്യപ്പെട്ടു.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ട് പെരുന്നാട് മാമ്പാട് സ്വകാര്യ വ്യക്തിയുടെ ഹെലിപാഡ് എന്നിവിടങ്ങളിലാണ് ഹെലികോപ്റ്ററില്‍ സുരേന്ദ്രന്‍ വന്നിറങ്ങിയത്. ഈ രണ്ട് സ്ഥലങ്ങളില്‍ നിന്നും സഹായികള്‍ ബാഗ് കാറുകളിലേക്ക് മാറ്റിയിരുന്നതായും അന്നേ ഈ ബാഗുകള്‍ പരിശോധിച്ചിരുന്നുവെങ്കില്‍ ഇന്ന് ഈ വിവാദം ഉണ്ടാകുമായിരുന്നില്ലെന്നും സോജി പറഞ്ഞു.

അതേസമയം കെ സുരേന്ദ്രന്റെ പ്രചാരണ സ്ഥലങ്ങളിലേക്കുള്ള യാത്ര സംബന്ധിച്ചും അവിടുത്തെ സാമ്പത്തിക ക്രയവിക്രയങ്ങളേക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ആന്റി കറപ്ഷന്‍ ഏന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഐസക് വര്‍ഗീസ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു.

Exit mobile version