തിരുവനന്തപുരം: സംസ്ഥാനത്ത് പൂർണമായും ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കുകയും കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ കൊണ്ടുവരികയും ചെയ്തതിന് പിന്നാലം വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആലോചന.
ജൂൺ 5 മുതൽ 9 വരെയുള്ള നിയന്ത്രണം കൊണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്. ഈ ദിവസങ്ങളിൽ അവശ്യസേവനങ്ങൾ നൽകുന്നവ ഒഴികെയുള്ള കടകൾ തുറക്കില്ല. അന്തർജില്ലാ യാത്രകൾ അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ അനുവദിക്കൂ. വ്യവസായ ഉദ്പാദനവും അവക്കുള്ള അസംസ്‌കൃത വസ്തുക്കൾ വിൽക്കുന്ന കടകൾക്കും പ്രവർത്തിക്കാൻ ഇളവുണ്ടാകും. ട്രെയിൻ, വിമാന യാത്രക്കാർക്ക് ഇളവുണ്ടാകും.
നേരത്തെ ലോക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ ടെസ്റ്റ്‌പോസിറ്റിവിറ്റി പത്തു ശതമാനത്തിൽ താഴെ എത്തിക്കാനാകുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാൽ, ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് താഴെ എത്തിക്കുന്നതു വരെ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.