കൊച്ചി: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ സംസ്ഥാന ബിജെപി നേതാക്കൾക്ക് കുരുക്ക് മുറുകുന്നു. കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മൊഴി എടുക്കുമെന്ന് പോലീസ് അറിയിച്ചു. ബിജെപി ആലപ്പുഴ ജില്ല ട്രഷറർ കെജി കർത്ത പണം വന്നത് ആർക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്ന് നൽകിയ മൊഴിയാണ് സംസ്ഥാന നേതൃത്വത്തിലേക്ക് അന്വേഷണം കൊണ്ടെത്തിച്ചിരിക്കുന്നത്. ഈ മൊഴി പ്രധാനപ്പെട്ടതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മൊഴി എടുക്കുകയെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സുരേന്ദ്രന്റെ മൊഴിയെടുക്കേണ്ടതുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. അതേസമയം, എന്നാകും സുരേന്ദ്രനെ അന്വേഷണ സംഘം വിളിച്ച് വരുത്തുകയെന്നത് സംബന്ധിച്ച് തീരുമാനമുണ്ടായിട്ടില്ല. സുരേന്ദ്രന്റെ മൊഴി എടുക്കും മുമ്പ് ബിജെപിയുടെ മറ്റു ചില നേതാക്കളേയും വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിക്കും. ചില മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളായിരുന്നവരേയും ചോദ്യം ചെയ്തേക്കും. മൂന്നരക്കോടി വരുന്ന വിവരം പല ബിജെപി നേതാക്കൾക്കും അറിയാമായിരുന്നു എന്ന നിഗമനത്തിലാണ് പോലീസ്.
കേസുമായി ബന്ധപ്പെട്ട് പല ബിജെപി നേതാക്കളെയും ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും പലരുടേയും മൊഴികൾ തമ്മിൽ പൊരുത്തക്കേടുണ്ട് എന്നുള്ളതും പോലീസിനെ കുഴക്കുന്നുണ്ട്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും മൊഴിയുമായി പൊരുത്തപ്പെടുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
Discussion about this post