കോതമംഗലം: വിരമിക്കുന്ന ദിനത്തിൽ ആത്മഹത്യ ചെയ്ത പോലീസ് ഓഫീസറെ സോഷ്യൽമീഡിയയിലൂടെ തെറി വിളിക്കുകയും അവഹേളിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഒളിവിലായിരുന്ന ഊന്നുകൽ പുത്തൻകുരിശ് പുത്തൻപുരയിൽ പിടി അനൂപാണ് (30) പിടിയിലായത്.
ആത്മഹത്യ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ സോഷ്യൽമീഡിയ വഴി ഇയാൾ അപമാനിച്ചത് വലിയതരത്തിൽ രോഷത്തിന് കാരണമായിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചതോടെ യുവാവിനെതിരെ കേസെടുക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു. ഇതോടെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതും യുവാവിനെ പിടികൂടിയതും.
മേയ് 31 നായിരുന്നു തൃശൂർ പോലീസ് അക്കാദമിയിലെ എസ്ഐ ആയിരുന്ന സുരേഷ്കുമാർ ആത്മഹത്യ ചെയ്തത്. അന്നേദിവസം സർവീസിൽ നിന്ന് വിരമിക്കേണ്ടിയിരുന്നയാളായിരുന്നു സുരേഷ്കുമാർ. അദ്ദേഹത്തിന്റെ മരണവിവരം ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നു. ഇതിന്റെ അടിയിലായിരുന്നു യുവാവിന്റെ തെറിവിളി. പച്ചത്തെറി എഴുതിയ ശേഷം ‘അത്തരക്കാർ ഒന്നല്ലേൽ തൂങ്ങിമരിക്കും അല്ലേൽ ആരെങ്കിലും തല്ലിക്കൊല്ലും’ എന്നായിരുന്നു അനൂപിന്റെ പ്രതികരണം.
സമൂഹമാധ്യമം വഴി അപകീർത്തിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമാണ് അനൂപിനെതിരെ കേസെടുത്തത്. സംഭവംചർച്ചയായതോടെ അനൂപ് രണ്ട് ദിവസം ഒളിവിലായിരുന്നു. ഊന്നുകൽ സിഐ പി ലാൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒടുവിൽ അനൂപിനെ പിടികൂടിയത്.
Discussion about this post