തിരുവനന്തപുരം: പൊതുവെ സംസ്ഥാനത്ത് സർക്കാരുകൾ മാറി മാറി വരുമ്പോൾ ആവർത്തിക്കപ്പെടുന്ന ഒന്നാണ് മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ മോടി പിടിപ്പിക്കൽ. ഇതിനായി ഓരോ അഞ്ച് വർഷം കൂടുമ്പോഴും ലക്ഷങ്ങൾ പൊടിപൊടിക്കാറുമുണ്ട്. എന്നാൽ അത് നിരസിച്ചുകൊണ്ട് മന്ത്രി കെ രാജൻ വ്യത്യസ്തനാവുകയാണ്. മന്ത്രി മന്ദിരം അറ്റകുറ്റപ്പണി നടത്താൻ 23 ലക്ഷം ചെലവ് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 15,000 രൂപകൊണ്ട് പണി പൂർത്തിയാക്കിയാൽ മതിയെന്ന് നിർദേശിച്ചിരിക്കുകയാണ് മന്ത്രി കെ രാജൻ. ഔദ്യോഗിക വസതി 23 ലക്ഷം രൂപ ചെലവഴിച്ച് മോടി പിടിപ്പിക്കേണ്ടെന്നാണ് റവന്യൂ മന്ത്രിയായ കെ രാജൻ ടൂറിസം വകുപ്പിനെ അറിയിച്ചിരിക്കുന്നത്.
കന്റോൺമെന്റ് ഹൗസ് വളപ്പിലുള്ള ഗ്രേസ് കോട്ടേജാണ് മന്ത്രിക്കായി അനുവദിച്ചിരിക്കുന്നത്. ഇത് മോടി പിടിപ്പിക്കാൻ 23 ലക്ഷത്തിന്റെ ടെൻഡറാണ് ടൂറിസം വകുപ്പ് തയ്യാറാക്കിയത്. എന്നാൽ മന്ത്രി ഇത് നിരസിക്കുകയായിരുന്നു. ലക്ഷങ്ങൾ മുടക്കിയുള്ള മോടി പിടിപ്പിക്കൽ വേണ്ട അത്യാവശ്യം ജോലികൾ മാത്രം തീർത്താൽ മതിയെന്നാണ് മന്ത്രിയുടെ നിർദേശം.
കഴിഞ്ഞ മന്ത്രിസഭയിലെ സിപിഐ പ്രതിനിധിയായിരുന്ന വിഎസ് സുനിൽ കുമാറും ഇവിടെ തന്നെയാണ് താമസിച്ചിരുന്നത്. കൃഷി വകുപ്പ് മന്ത്രിയായിരുന്ന വിഎസ് സുനിൽകുമാർ പടിയിറങ്ങിയതോടെയാണ് ഗ്രേസ് കോട്ടേജിന്റെ മോടി കൂട്ടാൻ ടൂറിസം വകുപ്പ് 23 ലക്ഷത്തിന്റെ ടെൻഡർ തയാറാക്കിയത്. പൊതുമരാമത്ത് ബിൽഡിംങ് വിഭാഗമാണ് എസ്റ്റിമേറ്റ് തയാറാക്കിയത്.
പക്ഷെ, ഇത്രയും വലിയതുക ചെലവഴിക്കേണ്ട എന്ന നിലപാടിലായിരുന്നു മന്ത്രി. മുമ്പ് ഉപയോഗിച്ചിരുന്ന വിരിപ്പുകൾ മാറ്റുക, ഇലക്ട്രിക്കൽ അറ്റകുറ്റപ്പണികൾ തീർക്കുക, പ്ലംബിങ് വർക്കുകൾ എന്നിവയുൾപ്പെടെ 15,000 രൂപയിൽ ഒതുങ്ങുന്ന പണികൾ മതിയെന്നാണ് മന്ത്രിയുടെ നിർദേശം. നിലവിൽ ഔദ്യോഗിക വസതിയുടെ അറ്റകുറ്റപ്പണി തീരാത്ത സാഹചര്യത്തിൽ മന്ത്രി ഇപ്പോഴും എംഎൽഎ ഹോസ്റ്റലിലാണ് താമസിക്കുന്നത്.
Discussion about this post