മറയൂര്‍: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന്റെ പേരില്‍ പോലീസുകാര്‍ക്ക് യുവാവിന്റെ ക്രൂരമര്‍ദ്ദനം. മറയൂര്‍ സിഐ ജിഎസ് രതീഷ് (40), സിവില്‍ പോലീസ് ഓഫീസര്‍ അജീഷ് പോള്‍ (38) എന്നിവര്‍ക്കാണ് ക്രൂരമര്‍ദ്ദനമറ്റേത്. പോലീസുകാരെ ആക്രമിച്ച കാന്തല്ലൂര്‍ കോവില്‍ക്കടവ് സ്വദേശിയായ 26കാരന്‍ സുലൈമാനെ പോലീസ് അറസ്റ്റ് ചെയ്തു.
കാന്തല്ലൂര്‍ പഞ്ചായത്തിലെ കോവില്‍ക്കടവ് ടൗണില്‍ ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു ആക്രമണം നടന്നത്. കല്ല് ആക്രമണത്തില്‍ കുഴഞ്ഞുവീണ രണ്ടുപേരെയും നാട്ടുകാരുടെ സഹായത്തോടെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോലീസ് ഓഫീസര്‍ അജീഷ് പോളിന്റെ തലയോട്ടിക്ക് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. മൂന്ന് ശസ്ത്രക്രിയകളാണ് ഇതിനോടകം നടത്തിയത്. പരിക്കേറ്റ ഇന്‍സ്പെക്ടറും നിരീക്ഷണത്തിലാണ്. സുലൈമാനെതിരെ വധശ്രമത്തിനും ഔദ്യോഗികകൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു.
സംഭവം ഇങ്ങനെ;
രാവിലെ പട്രോളിങ്ങിനിടയില്‍ സിഐയും രണ്ട് പോലീസുദ്യോഗസ്ഥരും കോവില്‍ക്കടവ് ടൗണില്‍ എത്തിയതായിരുന്നു. ഒരു യുവാവ് മാസ്‌ക് ധരിക്കാതെ നില്‍ക്കുന്നതുകണ്ട ഇന്‍സ്പെക്ടര്‍ പോലീസ് വാഹനം നിര്‍ത്തി ചോദ്യംചെയ്തു. പ്രകോപിതനായ യുവാവ് ഇന്‍സ്പെക്ടറെ അസഭ്യം പറഞ്ഞു.
അജീഷ് പോളും ഡ്രൈവര്‍ സജുസണ്ണും വാഹനത്തില്‍നിന്നിറങ്ങിയപ്പോള്‍ ഇയാള്‍ സമീപത്തുകിടന്നിരുന്ന വലിയ കല്ലെടുത്ത് അജീഷ് പോളിന്റെ തലയിലിടുകയായിരുന്നു. ഉടനടി അജീഷ് പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. രതീഷ് ചാടിയിറങ്ങി സുലൈമാനെ പിടിക്കവേ രണ്ടുപേരും താഴെ വീണു. ഈസമയത്ത് ഇയാള്‍ ഒരു കല്ലെടുത്ത് രതീഷിന്റെ തലയ്ക്കടിച്ചു.
നാട്ടുകാര്‍ പരിക്കേറ്റവരെ ഓട്ടോറിക്ഷയില്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഈസമയംകൊണ്ട് പ്രതി ഓടിരക്ഷപ്പെട്ടു. പിന്നീട് മറയൂര്‍ ടൗണില്‍നിന്ന് പ്രതിയെ പോലീസ്സംഘം പിടികൂടി.