തിരുവല്ല: പലമോഷണങ്ങൾ നടത്തിയ കള്ളൻ ബിനുവിന് ഇത് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. വയോധികയുടെ മാല അപഹരിക്കാൻ പുറപ്പെട്ടപ്പോൾ റാന്നി പഴവങ്ങാടി കള്ളികാട്ടിൽ ബിനു തോമസ് (30) ഒരിക്കലും പോലീസിന്റെ പിടിയിലാകുമെന്ന് കരുതിയിരുന്നില്ല. എന്നാൽ കള്ളനെ നേരിടാൻ തന്നെ വീട്ടമ്മ ധൈര്യം കാട്ടിയപ്പോൾ കുടുങ്ങിയത് നിരവധി മോഷണക്കേസുകളിലെ പ്രതിയായിരുന്നു. ഇന്നലെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് ബിനുവിനെ പിടികൂടിയത്.
റാന്നി വെണ്ണിക്കുളം റോഡിൽ തെള്ളിയൂരിൽ എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപത്തുകൂടി നടന്നു പോവുകയായിരുന്ന രാധാമണിയമ്മ(70)യുടെ മാല അപഹരിക്കാനുള്ള ശ്രമിച്ചതാണ് ബിനുവിനെ കുരുക്കിയത്. ബാങ്ക് എടിഎമ്മിൽ പോയശേഷം വീട്ടിലേക്കു നടന്നുപോകുകയായിരുന്ന തന്റെ അരികിൽ ബൈക്ക് നിർത്തി വഴി ചോദിക്കുന്നതിനിടെ മാല പറിക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞ രാധാമണിയമ്മ വിട്ടുകൊടുത്തില്ല. മോഷ്ടാവുമായി അവർ മൽപ്പിടിത്തം നടത്തി. ഇതിനിടെ ബൈക്ക് മറിഞ്ഞ് മോഷ്ടാവ് നിലത്തുവീണു. രക്ഷയില്ലെന്നു വന്നപ്പോൾ ബൈക്കും ഹെൽമറ്റും ഉപേക്ഷിച്ച് കിട്ടിയ മാലയുമായി കടന്നുകളഞ്ഞു.
മാലയുടെ ഒരുഭാഗം രാധാമണിയമ്മയുടെ കൈവശവും ഉണ്ടായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ അപ്പോൾതന്നെ തെരച്ചിൽ തുടങ്ങി. സമീപത്തെ സിസിടിവിയിലെ ദൃശ്യങ്ങളും പരിശോധിച്ചു. ആളെ തിരിച്ചറിഞ്ഞ നാട്ടുകാർ തെരച്ചിലിനൊടുവിൽ മൂന്ന് മണിക്കൂറിനുശേഷം തടിയൂരിനു സമീപം ഒരുവീട്ടിൽ കഴിഞ്ഞിരുന്ന ബിനുവിനെ പിടികൂടി പോലീസിനു കൈമാറിയത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിരവധി മോഷണം, പിടിച്ചുപറിക്കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായി. ഇതോടെ രാധാമണിയമ്മയ്ക്കു പോലീസിന്റെ വക ആദരവും ലഭിച്ചു.
ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനി വിളിച്ച് രാധാമണിയമ്മയെ അഭിനന്ദിക്കുകയും ചെയ്തു. കോയിപ്രം സ്റ്റേഷനിലെ എസ്എച്ച്ഒ അടക്കമുള്ളവർ വീട്ടിലെത്തി അഭിനന്ദിച്ചു. ബിനുവിനുവേണ്ടി പോലീസ് പ്രത്യേകസംഘത്തെ നിയോഗിച്ച് തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇന്നലെ ഇയാളെ കുടുക്കാനായത്. ആളുകളെ ആക്രമിച്ചു ഭീതി പരത്തി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. മൂന്നു മാസങ്ങൾക്കു മുമ്പാണ് ഇയാൾ ജയിൽ മോചിതനായത്. ഇതിനിടെയിൽ ഏകദേശം പത്തോളം പിടിച്ചു പറി, മോഷണം നടത്തിയിട്ടുണ്ട്.
തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ അപകടത്തിൽപ്പെട്ട് വന്നയാളുടെ ആഭരണങ്ങൾ കവർന്ന കേസിലും മാവേലിക്കര റെയിൽവേ സ്റ്റേഷനു സമീപം വച്ച് ബൈക്കിലെത്തി റിട്ട. അധ്യാപികയെ ആക്രമിച്ചു പരിക്കേൽപിച്ചു മൂന്നു പവൻ മാല കവർന്ന കേസിലും മാവേലിക്കര റെയിൽവേ സ്റ്റേഷൻ സമീപം വീട്ടിൽ നിന്ന സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ചു മാല കവർന്ന കേസിലും മാവേലിക്കരയിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിലും ബിനു പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ പല ഭാഗത്തു നിന്നും നിരവധി ബൈക്ക് മോഷണക്കേസുകളിലും പോലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു.
2014ൽ തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന റിട്ടയേഡ് ഐബി ഉദ്യോഗസ്ഥൻറെ വീട്ടിൽ പട്ടാപ്പകൽ വെള്ളം ചോദിച്ചെത്തി അകത്തു കയറി ഉദ്യോഗസ്ഥനെയും ഭാര്യയെയും ക്രൂരമായി മർദിച്ച ശേഷം ഇവരെ കെട്ടിയിട്ടു സ്വർണവും പണവും കവർന്ന കേസിലും പ്രതിയായിരുന്നു.
Discussion about this post