എന്തുകൊണ്ടു കോൺഗ്രസ് തോറ്റു? അമിത ആത്മവിശ്വാസം കാരണമെന്ന് അശോക് ചവാൻ റിപ്പോർട്ട്; പേരെടുത്ത് കുറ്റപ്പെടുത്തിയില്ലെങ്കിലും കേരളത്തിലെ കോൺഗ്രസിന് നാണക്കേട്

congress-leaders_

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് കനത്തപരാജയം ഏറ്റുവാങ്ങിയത് എന്തുകൊണ്ടെന്ന് പഠിക്കാനെത്തിയ അശോക് ചവാൻ സമിതി റിപ്പോർട്ട് സമർപ്പിച്ചു. അമിത ആത്മവിശ്വാസം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്ന വിലയിരുത്തലാണ് സമിതിക്കുളളത്. റിപ്പോർട്ടിൽ ആരേയും പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ല. ഹൈക്കമാൻഡിന് മുൻപാകെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. നിലവിൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ കെപിസിസി പ്രസിഡന്റിനെയും തെരഞ്ഞെടുക്കുമെന്നാണ് വിവരം.

റിപ്പോർട്ടിൽ തെരഞ്ഞെടുപ്പ് വിജയത്തിനായി കൂട്ടായ നേതൃത്വം ഉണ്ടായില്ല എന്നും പരാമർശമുണ്ട്. കഴിഞ്ഞമാസം പതിനൊന്നിനാണ് തെരഞ്ഞെടുപ്പ് തോൽവിയെ സംബന്ധിച്ച് പഠിക്കാൻ പ്രവർത്തക സമിതിയോഗം അശോക് ചവാൻ കമ്മിറ്റിക്ക് രൂപം നൽകിയത്. രണ്ടാഴ്ചയ്ക്കുളളിൽ റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. ഇതോടെ ചൊവ്വാഴ്ച രാത്രിയോടെയാണ് റിപ്പോർട്ട് കൈമാറിയത്. ഈ റിപ്പോർട്ട് പ്രവർത്തക സമിതി പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുക. ആരും സ്വയം നാമനിർദേശം ചെയ്യേണ്ടെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കമാന്റ് കെപിസിസി അധ്യക്ഷനെ സംബന്ധിച്ച് സർവേ നടത്തുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അധ്യക്ഷനെ നിയമിക്കുക എന്നുമാണ് അറിയിച്ചിരിക്കുന്നത്.

അശോക് ചവാൻ സമിതി കേരളത്തിൽ നേരിട്ട് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് എത്താൻ സാധിച്ചില്ല. ഓൺലൈൻ മുഖാന്തരം എംഎൽഎമാർ, എംപിമാർ, മറ്റുജനപ്രതിനിധികൾ, മുതിർന്ന നേതാക്കൾ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയ നിരീക്ഷകർ എന്നിവരിൽ നിന്നാണ് തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിഞ്ഞത്.

കേരളം ഉൾപ്പടെയുളള നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോർട്ടാണ് അശോക് ചവാൻ സമിതി സമർപ്പിച്ചത്.

Exit mobile version