കൊച്ചി: കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരികള്‍ക്കും ചാലാ കമ്പോളത്തിലെ വ്യാപാരികള്‍ക്കും പിന്നാലെ ഹര്‍ത്താലിനെതിരെ കേരളത്തിലെ വ്യാപാരി സമൂഹം ഒന്നിക്കുന്നു. ഇനി മുതല്‍ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി അറിയിച്ചു. ഹര്‍ത്താല്‍ ദിവസം കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ മതിയായ പോലീസ് സംരക്ഷണം വേണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
ഇനി മുതല്‍ ഏത് സംഘടന ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും കടകള്‍ തുറക്കുമെന്ന് കേരള മര്‍ച്ചന്റ്സ് ആന്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്സും വ്യക്തമാക്കി.സംസ്ഥാന സര്‍ക്കാരുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നും സംഘടന അറിയിച്ചു.
സംസ്ഥാനത്ത് മുന്നിയിപ്പില്ലാതെ അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ വ്യാപാരമേഖലയില്‍ വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായുണ്ടായ ഹര്‍ത്താലുകള്‍ വ്യാപാര മേഖലയില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കിയത്. അതുകൊണ്ടു തന്നെ തങ്ങളുടെ നിലനില്‍പ്പിനായി പ്രതിരോധം എന്ന ആശയവുമായി കേരള മര്‍ച്ചന്റ്സ് ആന്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്സ് രംഗത്തിറങ്ങുന്നത്. ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും ബഹിഷ്കരിക്കാനും സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനും കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തീരുമാനം സര്‍ക്കാരിനേയും മറ്റ് ബന്ധപ്പെട്ടവരെയും അറിയിക്കുമെന്നും സംഘടന ഭാരവാഹികള്‍ പറഞ്ഞു.
Discussion about this post