ലക്ഷദ്വീപിലെ ജനങ്ങളുടെ നിലനിൽപ്പ് തന്നെ കേന്ദ്രസർക്കാർ ചോദ്യം ചെയ്യുമ്പോൾ പ്രതികരിക്കുകയാണ് സോഷ്യൽമീഡിയയും. ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രമുഖരെല്ലാം രംഗത്തെത്തി.
ഇതിനിടെ, കപ്പാസിറ്റി ഡെവലപ്മെന്റ് കുടംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ സിമി സൂസൻ മോൻസി ലക്ഷദ്വീപിലെ അവസ്ഥയെക്കുറിച്ച് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
സിമി സൂസൻ മോൻസിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ലക്ഷദ്വീപിലെ ഞാനറിയുന്ന ‘ജിഹാദികൾ’
കുടുംബശ്രീ NRO-യുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2017 ലാണ് ആദ്യമായി ഞാൻ ലക്ഷദ്വീപിൽ പോകുന്നത്. ലക്ഷദ്വീപും കുടുംബശ്രീ NRO യും ഒപ്പുവച്ചിരിക്കുന്ന പ്രോജക്ടിന്റെ കോഓർഡിനേഷൻ എന്റെ ചുമതലയായത് കൊണ്ടു തന്നെ അവിടെയുള്ള ആൾക്കാരുമായി അന്നു മുതലുള്ള സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കുന്നു. ഭൂമിശാസ്ത്രപരമായ സവിശേഷത പറഞ്ഞാൽ ലക്ഷദ്വീപ് എന്നറിയപ്പെടുന്ന ദ്വീപസമൂഹം അറബിക്കടലിനാൽ ചുറ്റപെട്ടു കിടക്കുന്ന 36 ചെറു ദ്വീപുകൾ ഉൾപ്പെടുന്നതാണ്. ഇവയിൽ ജനവാസമുള്ളത് 10 ദ്വീപുകളിലാണ്. ആരവല്ലി മലനിരകളുടെ തുടർച്ചയായ, അറബി കടലിൽ മുങ്ങിപ്പോയ ഭാഗങ്ങളുടെ മുകളിൽ പവിഴപ്പുറ്റുകൾ വളർന്നാണ് ആണ് ഈ ദ്വീപ സമൂഹമുണ്ടായതെന്നും പറയപ്പെടുന്നുണ്ട്. വളരെ പുരാതനവും ഇന്ത്യയിലെ മറ്റു ജനവിഭാഗങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തവുമായ ഒരു സംസ്കാരം ആണ് ലക്ഷദ്വീപ് നിവാസികളുടേത്. ഈ വസ്തുത കണക്കിലെടുത്തുകൊണ്ട് ദ്വീപിലെ ജനവിഭാഗങ്ങളെ ഷെഡ്യൂൾഡ് ട്രൈബ് വിഭാഗത്തിലാണ് ഉൾപെടുത്തിയിരിക്കുന്നത്. തൊണ്ണൂറ്റി ഒൻപതു ശതമാനവും ട്രൈബൽ മുസ്ലിങ്ങൾ തന്നെയാണ് ഈ ദ്വീപുകളിൽ ഉള്ളത്. ഇതിൽ മിനിക്കോയ് മറ്റു ദ്വീപുകളേക്കാളെല്ലാം തികച്ചും വ്യത്യസ്തമായ ജീവിതരീതിയും ഭാഷയും (മഹൽ) വസ്ത്രധാരണരീതിയും തനതു സംസ്കാരവും ഉള്ള ഒരു ദ്വീപാണ്.
ലക്ഷദ്വീപിൽ സ്ത്രീകൾക്കാണ് സ്വത്തവകാശമുള്ളത് , അതുകൊണ്ടു തന്നെ പുരുഷാധിപത്യം ഒക്കെ അവിടെ വെറും സ്വപ്നത്തിൽ മാത്രമാണ്. കേരളത്തിലെ പുരുഷാധിപത്യം പ്രസംഗിച്ചു ആ നാട്ടിലേക്ക് പോയവരെയൊക്കെ അവർ കപ്പൽ കയറ്റി തിരികെ അയച്ച കഥകൾ കേട്ടിട്ടുണ്ട്. പകലെന്നോ രാത്രിയെന്നോ വ്യതാസമില്ലാതെ ഏത് പാതിരയ്ക്കുവേണമെങ്കിലും ഏത് ഊടുവഴികളിൽകൂടിയും ഏതൊരു സ്ത്രീക്കും അവിടെ ഉള്ള ആൾക്കാരെ പോലെ തന്നെ സഞ്ചാര സ്വാതന്ത്രം തരുന്ന ഒരു നാട് ഞാൻ ഇതുവരെ സഞ്ചരിച്ച വേറെ ഒരു സംസ്ഥാനങ്ങളിലും കണ്ടിട്ടില്ല. അവിടെ ചില ബീച്ചുകളിൽ പോയാൽ കാണാം പല രാത്രികളും പുലരുവോളം സൊറ പറഞ്ഞിരിക്കുന്ന കുടുംബങ്ങളെയും കൂട്ടുകാരെയുമൊക്കെ. ചൂട് കൂടുന്ന രാത്രികളിൽ പലപ്പോഴും കടൽക്കരയിൽ വന്നു ഒരു ശല്യമോ പേടിയോ കൂടാതെ കിടന്നുറങ്ങി രാവിലെ വീട്ടിലേക്ക് പോവുന്ന സ്ത്രീകളും പുരുഷന്മാരും കുട്ടികളുമൊക്കെ അടങ്ങുന്ന സംഘങ്ങളെ ഞാൻ ആദ്യമായി കാണുന്നതും ലക്ഷദ്വീപിലാണ്.
അവിടെയുള്ള ഓരോ ആൾക്കാരും പരസ്പരം ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ബന്ധുക്കളും കുടുംബക്കാരുമാണ്. പല ദ്വീപുകളുടെയും ഭൂപടം പരിശോധിച്ചാൽ മനസിലാകും അതിന്റെ ഒക്കെ ആകെ വിസ്തീർണം. അതിനാൽ തന്നെ കൈവശ ഭൂമിയുടെ അളവ് എല്ലാവർക്കും വളരെ കുറവാണ്. കൂട്ടുകുടുംബ വ്യവസ്ഥ പിന്തുടരുന്ന ഇവരുടെ വീടുകളൊക്കെ മിക്കവാറും ബഹുനില കെട്ടിടങ്ങളായതും അതുകൊണ്ടു തന്നെ. നീളം കൂട്ടാൻ ഒരു സാധ്യതയുമില്ലാത്തതുകൊണ്ട് മുകളിലേക്ക് കൂടുതൽ നിലകൾ പണിതാണ് വീടുകൾ വക്കുന്നത്. പുറത്തു നിന്നു നോക്കുമ്പോൾ രണ്ടും മൂന്നും നില വീടുകളാണെങ്കിലും അതിൽ കഴിയുന്നത് നിരവധി കടുംബങ്ങളായിരിക്കും. മിക്ക വീട്ടുകാർക്കും ഇരുചക്ര വാഹനങ്ങളോ സൈക്കിളുകളോ ഒക്കെയാണ് ഗതാഗത സംവിധാനം. വാനുകളും കാറുകളുമൊക്കെയുള്ളത് ഗവണ്മെന്റ് ഓഫീസുകൾക്കും ഉയർന്ന ഓഫീസർമാർക്കും മാത്രമാണ്. പ്രധാന വരുമാനം മൽസ്യ ബന്ധനവും ടൂറിസവുമൊക്കെയാണ്, കൂടാതെ ഗവണ്മെന്റ് ഓഫീസുകളിലും സ്കൂളുകളിലുമൊക്കെ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ആൾക്കാരുടെ എണ്ണവും കുറവല്ല. വളരെ സീസണൽ ആയ ഒരു ഇക്കോണമി ആണ് അവരുടേത്. മഴക്കാലം വറുതിയുടെ ആവർത്തനമാണ് ഓരോ കൊല്ലവും.
ലക്ഷദ്വീപ് കുടുംബശ്രീയുമായി കരാറിൽ ഏർപ്പെട്ടത് അവിടെ കുടുംബശ്രീ പോലെയുള്ള സ്ത്രീകളുടെ സംഘടനാസംവിധാനങ്ങൾ വികസിപ്പിച്ചു കൊണ്ടുവരുന്നതിനും പ്രാദേശിക സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമാണ്. പ്രോജക്ടിന്റെ ഭാഗമായി കഴിഞ്ഞ മാർച്ചിൽ (2021) കവരത്തി, കടമത്ത്, അമിനി, ആന്ദ്രോത്ത്, മിനിക്കോയ് എന്നീ ദ്വീപുകളിൽ ദ്വീപശ്രീ എന്നറിയപ്പെടുന്ന അവിടത്തെ സ്ത്രീകളുടെ സംഘടനാസംവിധാനങ്ങളുടെ നേതൃത്വത്തിൽ ‘ദ്വീപകം’ എന്നൊരു പദ്ധതി നടപ്പിലാക്കിയിരുന്നു. ഇതിലൂടെ ശേഖരിച്ചത് ദ്വീപുകളിൽ അർഹതപ്പെട്ട എത്ര പേർക്ക് വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളും അവകാശങ്ങളും ലഭിക്കാനുണ്ട്, ഉപജീവനത്തിനായി എന്തൊക്കെ സപ്പോർട്ടുകളാണ് സർക്കാരിൽനിന്നും ലഭ്യമാക്കേണ്ടത്, ദ്വീപിന്റെ അടിസ്ഥാന സൗകര്യത്തിനായി എന്തൊക്കെ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കേണ്ടത് മുതലായവയായിരുന്നു.
മേരെ പ്യാരേ ദേശവാസിയോം, ദ്വീപിലെ ജനങ്ങൾക്ക് കേന്ദ്രസർക്കാർ ഉറപ്പു നൽകുന്ന പല അവകാശങ്ങളുടെയും സ്റ്റാറ്റസ് ഇപ്പോൾ പൂജ്യമാണ്. MGNREGS എന്ന തൊഴിലുറപ്പ് പദ്ധതി അവിടെ ഇല്ലാതായിട്ട് കാലങ്ങളായി, അടുത്തായി തന്നെ പാർപ്പിട പദ്ധതിയായ PMAY യും പൂട്ടി. പെൻഷൻ ഫണ്ടൊന്നും ലഭിക്കാതായിട്ട് അതും മുടങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. വില്ലജ് ദ്വീപ് പഞ്ചായത്ത് എന്നറിയപ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വളരെ പരിമിതമായ അവകാശങ്ങളാണുള്ളത്. ഫിനാൻസ് കമ്മിഷൻ ഗ്രാന്റോന്നും അവർക്ക് ലഭിക്കാറുപോലുമില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ അവിടത്തെ ജനതയുടെയും ദ്വീപ് പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ ദ്വീപുകളുടെ വികസന പദ്ധതികൾ തയ്യാറിക്കിയിരുന്നു. ഈ ഒരൊറ്റ ദ്വീപിൽ നിന്നും ഒരു റോഡിനും വീതികൂട്ടണമെന്നോ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ഹെലിപ്പാഡുകൾ വരണമെന്നോ ഒരു ഡിമാന്റുപോലും വന്നിട്ടില്ല. അവർ ആവശ്യപ്പെട്ടത് അവരുടെ വലകൾ സൂക്ഷിക്കാനും ഉണങ്ങിയ മത്സ്യം സൂക്ഷിക്കാനും സ്റ്റോറേജ് സ്ഥലവും ഹാർബറുകളിൽ
പൊതുശൗചാലയവുമൊക്കെയാണ്. ഈ പ്ലാനുകൾ ഒക്കെ നോക്കിയാൽ അറിയാം അവർക്ക് ഏത് തരം വികസനമാണ് വേണ്ടതെന്ന്. അഗത്തിയിൽ ഉള്ളി തീർന്നുപോയപ്പോൾ കവരത്തിയിൽ നിന്ന് ഹെലികോപ്റ്ററിൽ വന്ന് കൊണ്ടുപോകുന്ന തരം വികസനം (പുതിയ ഭരണപരിഷ്ക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ചില വികസന പ്രവർത്തനങ്ങളിൽ ഒന്ന്) അവിടെ വേണമെന്ന് ആ പ്ലാനുകളിൽ നിന്ന് എനിക്ക് തോന്നിയില്ല.
ക്വാറന്റൈൻ നിയമങ്ങൾ മാറ്റിയപ്പോൾ സമരം ചെയ്ത സ്ത്രീകളെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്തപ്പോളും പാവപ്പെട്ട ആൾക്കാരുടെ കടകൾ ബീച്ചിൽ നിന്നും പൊളിച്ചു മാറ്റിയപ്പോളും ആ ജനത സഹിച്ചു നിന്നത് സഹിഷ്ണുത ഒന്നുകൊണ്ട് മാത്രമാണ്.
പുതിയ അഡ്മിനിസ്ട്രേറ്റർ വന്നതിനു ശേഷമാണ് അവിടെ ജയിലുകളിലൊക്കെ ആദ്യമായി അന്തേവാസികളുണ്ടാകുന്നത്, രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഭീകരരും ജിഹാദികളുമൊക്കെ ഉണ്ടാകുന്നത്, അവരുടെ സ്വന്തമായിരുന്ന കാൽച്ചുവട്ടിലെ മണ്ണ് പുതിയ നക്ഷത്ര റിസോർട്ടുകൾക്കായി തട്ടിപ്പറിക്കപ്പെട്ടത്, പുതിയ ഹെലിപാഡുകൾ ഉണ്ടാകാൻ പോകുന്നത്, വാഹനങ്ങൾ ഇല്ലാത്ത നിരത്തുകളുടെ വീതി കൂടാൻ പോകുന്നത്, കരാർ ജോലിക്കാരുടെ കൂട്ടപിരിച്ചുവിടൽ നടക്കുന്നത്, ദ്വീപ് പഞ്ചായത്തുകളുടെ സുപ്രധാന അധികാരങ്ങൾ കവർച്ച ചെയ്യപ്പെടുന്നത്, പുതിയ മദ്യ നയം വരുന്നത്, മാധ്യമങ്ങളുടെ മേൽ നിയന്ത്രണം വരുന്നത്, സമരം ചെയ്യാൻ പഠിപ്പിച്ചു എന്ന ആരോപണത്തിൽ പലർക്കുമെതിരെ ഇന്റലിജൻസ് ബ്യൂറോ യുടെ അന്വേഷണം ആരംഭിക്കുന്നത്, ഇതൊക്കെ ജനവിരുദ്ധ ഫാസിസ്റ് നടപടികളാണ്. കുത്തകമുതലാളിമാർക്ക് ദ്വീപുകൾ എഴുതികൊടുക്കുമ്പോൾ അന്യം നിന്നുപോകുന്നത് ഒന്നുമറിയാത്ത കുറെ പാവം ജനങ്ങളുടെ ജീവിതമാണ്. ആഗോളതാപനവും സമുദ്രമലിനീകരണവും കാലാവസ്ഥാ വ്യതിയാനവുമൊക്കെയായി ഇപ്പോൾ തന്നെ പവിഴപ്പുറ്റുകളുടെ സമ്പത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ദ്വീപുകളിൽ അവ മുങ്ങാതിരിക്കാൻ പരിസ്ഥിക്കും ജനജീവിതങ്ങൾക്കും ആഘാതമേല്പിക്കാത്ത നടപടികളാണ് കൈക്കൊള്ളേണ്ടത്. ആ വികസനത്തിന്റെ സ്വഭാവവും രാഷ്ട്രീയവും കാതലും ആ ജനത തന്നെ പറഞ്ഞു തരും. അവരെ കേൾക്കാത്ത ഒരു നടപടികളും ആ ജനങ്ങൾക്കുവേണ്ടിയുള്ളതല്ല.
അവരുടെ ദ്വീപ് പഞ്ചായത്തുകളുടെ പ്രവർത്തന സ്വാതന്ത്ര്യം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പോളിസി ലെവൽ മാറ്റങ്ങളും ജനാധിപത്യ പ്രക്രിയയെ ശാക്തീകരിക്കാനുള്ള നടപടികളും ആരോഗ്യ-വിദ്യഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവുമൊക്കെയാണ് ലക്ഷദ്വീപിൽ വികസനം ഉന്നം വയ്ക്കുന്നവർ ആദ്യം ചെയ്യേണ്ടത്. മുടങ്ങിപ്പോയ പാർപ്പിട പദ്ധതികളും തൊഴിലുറപ്പ് പദ്ധതിയുമൊക്കെ ലക്ഷദ്വീപിനനുസൃതമായ തരത്തിൽ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നടപ്പിലാക്കുകയും അവരുടെ ഉപജീവന മാർഗങ്ങൾ വർധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടികൾ ആവിഷ്കരിക്കുകയുമാണ് ചെയ്യേണ്ടത്. ഭക്ഷണത്താലത്തിൽ നോക്കിയും വസ്ത്രധാരണത്തിൽ നോക്കിയുമുള്ള ഭരണവും ഫണ്ട് അലോക്കേഷനും അവസാനിപ്പിക്കുക.
#സേവ് ലക്ഷദ്വീപ് # ലക്ഷദ്വീപ് ജനതയോടൊപ്പം.
Discussion about this post