‘പ്രചാരണത്തിന് ഹെലികോപ്റ്റർ, ചെലവിന് ഒരു കോടി; എംഎൽഎയാക്കുമെന്ന ഉറപ്പ്’; ഷിജു എം വർഗീസിന്റെ പെട്രോൾ ബോംബാക്രമണ നാടകത്തിൽ നടി പ്രിയങ്കയെ ചോദ്യം ചെയ്തു

ചാത്തന്നൂർ: കൊല്ലം ജില്ലയിലെ കുണ്ടറയിൽ തെരഞ്ഞെടുപ്പു ദിവസം ഇഎംസിസി പ്രസിഡന്റ് ഷിജു എം വർഗീസിന്റെ വാഹനത്തിനു നേരെ പെട്രോൾ ബോംബാക്രമണ നാടകം നടത്തിയ കേസിൽ നടി പ്രിയങ്കയെ അന്വേഷണസംഘം ചോദ്യം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഷിജു എം വർഗീസിന്റെ പാർട്ടിയായ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയായി അരൂരിൽ പ്രിയങ്ക മത്സരിച്ചിരുന്നു.

വാഗ്ദാനങ്ങൾ നൽകി വിവാദ ദല്ലാൾ നന്ദകുമാറാണു മത്സരിക്കാൻ പ്രേരിപ്പിച്ചതെന്നു പ്രിയങ്ക പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രചാരണത്തിനായി ഹെലികോപ്റ്റർ, ചെലവിനായി ഒരു കോടിയിലേറെ രൂപ, എങ്ങനെയും വിജയിപ്പിച്ച് എംഎൽഎയാക്കും തുടങ്ങിയ വാഗ്ദാനങ്ങൾ പാർട്ടി തനിക്ക് നൽകിയെന്നാണ് പ്രിയങ്കയുടെ മൊഴി. ഷിജു എം വർഗീസിനെ അടുത്തറിയില്ലെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പാർട്ടി കമ്മിറ്റികളിൽ കണ്ടുള്ള പരിചയമാണുള്ളതെന്നും പ്രിയങ്ക പറയുന്നു. ഏഴ് ലക്ഷം രൂപയാണ് പ്രചരണത്തിനായി ചെലവഴിക്കാനായതെന്നും 1.5 ലക്ഷം ആദ്യഘട്ടത്തിൽ നൽകിയെന്നും ഇവരുടെ മൊഴിയിലുണ്ട്.

പ്രിയങ്കയുടെ മാനേജർ താഹീറിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. ഇരുവരെയും ചാത്തന്നൂർ എസിപി ഓഫിസിൽ വിളിച്ചു വരുത്തി എസിപി വൈ നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.

Exit mobile version