തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ ജുഡിഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി. കേസില്‍ ഉള്‍പ്പെട്ട ആറ് പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യും. ആറു പേരെയും പിരിച്ചുവിടാന്‍ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൂടാതെ അഞ്ച് പോലീസുകാര്‍ക്ക് എതിരെ കര്‍ശന വകുപ്പുതല നടപടി എടുക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നു ഡോക്ടര്‍മാര്‍ക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കും. മരിച്ച രാജ്കുമാറിന്റെ ബന്ധുക്കള്‍ക്ക് 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. നടപടി റിപ്പോര്‍ട്ട് നിയമസഭയെ അറിയിച്ചു. പ്രതികളായ എസ്‌ഐ സാബു, എഎസ്‌ഐ റോയ്,ഡ്രൈവര്‍ നിയാസ്, സി.പി.ഒ ജിതിന്‍, റെജിമോന്‍, ഹോംഗാര്‍ഡ് ജെയിംസ് എന്നിവരെയാണ് പിരിച്ചുവിടുക.
2019 ജൂണ് 12നാണ് ഹരിതാ ഫിനാന്‍സ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമണ്‍ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് പിടികൂടുന്നത്. എന്നാല്‍ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരില്‍ നാല് ദിവസം ക്രൂരമായി മര്‍ദ്ദിച്ചു. ഒടുവില്‍ ജീവച്ഛവമായപ്പോള്‍ മജിസ്‌ട്രേറ്റിനെ പോലും കബളിപ്പിച്ച് പീരുമേട് ജയിലില്‍ റിമാന്റ് ചെയ്തു. ആരോഗ്യസ്ഥിതി വഷളായ രാജ്കുമാര്‍ ജൂണ്‍ 21ന് ജയിലില്‍ വെച്ച് മരിച്ചു. ആദ്യഘട്ടത്തില്‍ ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കി തീര്‍ക്കാനായിരുന്നു പോലീസ് ശ്രമം.
എന്നാല്‍ പോലീസിന് എതിരെ ബന്ധുക്കള്‍ രംഗത്ത് എത്തി. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടത്തു. എന്നാല്‍ ജില്ലാ പോലീസ് മേധാവി അടക്കമുള്ളവര്‍ കുറ്റാരോപിതരായ കേസ് പോലീസ് തന്നെ അന്വേഷിക്കുന്നതിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് ജൂലൈ നാലിന് ജുഡീഷ്യല്‍ കമ്മീഷനെ സമാന്തര അന്വേഷണത്തിന് സര്‍ക്കാര്‍ നിയോഗിച്ചത്.
Discussion about this post