ന്യൂഡൽഹി: പൗത്വ ഭേദഗതി നടപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ച് സംസ്ഥാനങ്ങളിലെ പതിമൂന്ന് ജില്ലകളിലെ മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ കേന്ദ്രം നടത്തുന്ന നീക്കത്തിനെതിരെ മുസ്ലിം ലീഗ് കോടതിയെ സമീപിച്ചു. പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സർക്കാർ ഇറക്കിയ വിജ്ഞാപനം അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് ലീഗിന്റെ ആവശ്യം. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലയെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പ് ലംഘിച്ച് കൊണ്ടാണ് 2019 ലെ നിയമത്തിലെ വ്യവസ്ഥകൾ വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും ലീഗ് ആരോപിക്കുന്നു.
പാർലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് ലീഗ് ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി നൽകിയ ഹർജിയിലാണ് പുതിയ അപേക്ഷ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്. മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതയുടെ ലംഘനം ആണെന്ന് അഭിഭാഷകൻ ഹാരിസ് ബീരാൻ മുഖേനെ ഫയൽ ചെയ്ത അപേക്ഷയിൽ പറയുന്നു.
1955 ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിൽ 2009 ൽ തയ്യാറാക്കിയ ചട്ടങ്ങൾ പ്രകാരമാണ് കേന്ദ്ര ആഭ്യന്ത മന്ത്രാലയം പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത്. എന്നാൽ 1995 ലെ പൗരത്വ നിയമ പ്രകാരം മതാടിസ്ഥാനത്തിൽ പൗരത്വം നൽകാൻ കഴിയില്ലയെന്ന് ലീഗ് ഫയൽ ചെയ്ത അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. പൗരത്വ ഭേദഗതി നിയമം കോടതി റദ്ദാക്കിയാൽ ഇപ്പോൾ ക്ഷണിച്ച അപേക്ഷ പ്രകാരം പൗരത്വം ലഭിക്കുന്നവരിൽ നിന്ന് അത് തിരിച്ച് എടുക്കേണ്ടി വരുമെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഗുജറാത്ത്, രാജസ്ഥാൻ, ചത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ അഭയാർത്ഥികളായി താമസിക്കുന്നവർക്കാണ് പൗരത്വത്തിന് അപേക്ഷിക്കാൻ അവസരം. ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാഴ്‌സി വിഭാഗത്തിൽപ്പെട്ട അഭയാർത്ഥികൾക്ക് ഇതുപ്രകാരം അപേക്ഷ നൽകാം. അപേക്ഷയിൽ അതത് ജില്ലകളിലെ കളക്ടർമാർ പരിശോധന നടത്തി തീരുമാനം എടുക്കും.
Discussion about this post