തിരുവനന്തപുരം: ഹൈക്കോടതിയുടെ കര്‍ശന ശാസനത്തെതുടര്‍ന്ന് താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ മൂലം കെഎസ്ആര്‍ടിസി വന്‍ പ്രതിസന്ധിയില്‍. പിരിച്ചുവിട്ടില്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ തലപ്പത്തുളളവരെ തെറിപ്പിക്കുമെന്ന് കോടതി ഇന്നലെ മുന്നറിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്ത് ഇന്ന് നാലില്‍ ഒരു സര്‍വ്വീസുകള്‍ മുടങ്ങിയേക്കും. ഇന്നലെ 815 സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു. തിരുവനന്തപുരം മേഖലയില്‍ മാത്രം ഇന്നലെ 300 സര്‍വ്വീസുകള്‍ മുടങ്ങി. കെഎസ്ആര്‍ടിസി കൂട്ടപിരിച്ചുവിടല്‍ വടക്കന്‍ കേരളത്തിലും സര്‍വീസുകള്‍ മുടങ്ങും. രാവിലെ തുടങ്ങേണ്ട സര്‍വീസുകളില്‍ 10 ശതമാനത്തോളം കുറവ് വന്നതായി അധികൃതര്‍ അറിയിച്ചു.
ഇന്നലെ തിരുവനന്തപുരം മേഖലയില്‍ 300 സര്‍വ്വീസുകള്‍ മുടങ്ങിയപ്പോള്‍, എറണാകുളം മേഖലയില്‍ 360 സര്‍വീസും, മലബാര്‍ മേഖലയില്‍ 155 സര്‍വ്വീസും മുടങ്ങി.
പിഎസ്‌സി നിയമിച്ചവര്‍ക്ക് ജോലി നല്‍കുന്നതിന് എന്താണ് തടസ്സമെന്ന് മനസ്സിലാകുന്നില്ല. ഇക്കാര്യത്തില്‍ ഇനി നടപടി വൈകിയാല്‍ കെഎസ്ആര്‍ടിസിയുടെ തലപ്പത്തുള്ളവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാനറിയാമെന്നും ഹൈക്കോടതി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം ഹൈക്കോടതി വിധി നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയതായി ഇന്നലെ പറഞ്ഞ എംഡി ടോമിന്‍ തച്ചങ്കരി, ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും നിരാശപ്പെടേണ്ടി വരില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാമെന്ന പ്രതീക്ഷ അസ്തമിച്ചതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. 8000 സ്ഥിരം ജീവനക്കാര്‍ വരുന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
Discussion about this post