തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ട്രാന്‍സ്ജെന്‍ഡേഴ്സ് ഇന്നെത്തും. തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ നാലു മണിയോടെയാണ് സംഘം പുറപ്പെട്ടത്. സുരക്ഷാ പ്രശ്നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നുമാണ് പോലീസ് നിലപാട്.
കഴിഞ്ഞ 16 ന് എറണാകുളത്ത് നിന്ന് രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി ഇന്നിവര്‍ ശബരിമല ദര്‍ശനത്തിനെത്തിയിരുന്നു. എന്നാല്‍ സാരി ഉടുത്ത് ശബരിമല കയറുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും അതിനാല്‍ പുരുഷന്മാരുടെ വസ്ത്രം ധരിക്കണമെന്നും എരുമേലി പോലീസ് ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇവരെ എരുമേലി പോലീസ് തിരിച്ചയച്ചത് വിവാദമായിരുന്നു.
അതേസമയം, മണ്ഡലകാലം തുടങ്ങിയ ശേഷം ആദ്യമായി ശബരിമലയില്‍ ഭക്തജനത്തിരക്ക് കൂടി. ഇന്നലെ അര്‍ദ്ധരാത്രി വരെ തൊണ്ണൂറായിരത്തിലധികം തീര്‍ത്ഥാടകര്‍ മലചവിട്ടി. ഈ മണ്ഡലകാലത്ത് ഏറ്റവും കൂടുതല്‍ പേര് ദര്‍ശനം നടത്തിയത് ഇന്നലെയാണ്.
വരും ദിവസങ്ങളിലും തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിഗമനം. അതേസമയം, ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടണമെന്നാണ് പോലീസ് നിലപാട്.
Discussion about this post