തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലേയും കോളേജുകളിലേയും അധ്യായനവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും. കൊവിഡ് വ്യാപനം നിലവില്‍ തുടരുന്ന സാഹചര്യത്തില്‍ ഇത്തവണയും ഓണ്‍ലൈന്‍ വഴി തന്നെ ക്ലാസുകള്‍ തുടരും. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓണ്‍ലൈനിലും കുട്ടികള്‍ക്ക് ക്ലാസുകള്‍ വീക്ഷിക്കാം.
ഉന്നത വിദ്യാഭ്യസ മന്ത്രി ആര്.ബിന്ദു വിളിച്ച സര്‍വകലാശാല വൈസ് ചാന്‍സര്‍മാരുടെ യോഗത്തിലാണ് കോളേജുകളിലും ജൂണ്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങാന്‍ ധാരണയായത്. ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളാണ് നിലവില്‍ ജൂണ്‍ ഒന്നിന് തുറക്കുക. പ്ലസ്ടു ക്ലാസുകള്‍ സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകുമെന്ന് അധികൃതര്‍ അറിയിക്കുന്നു.
പ്ലസ് വണ്‍ ക്ലാസുകളും പരീക്ഷകളും പൂര്‍ത്തിയാകാത്തതാണ് പ്ലസ് ടു ക്ലാസുകള്‍ നീണ്ടുപോകുവാന്‍ കാരണം. ഒന്നാം ക്ലാസില്‍ ഓണ്‍ലൈനായി പ്രവേശനോത്സവം നടത്തും. അധ്യായനവര്‍ഷാരംഭം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനം നടത്തും. ജൂണ്‍ 15 മുതല്‍ അവസാനവര്‍ഷ ബിരുദ ബിരുദാനന്തര പരീക്ഷകള്‍ ഷെഡ്യൂള്‍ ചെയ്യും. ജൂലായ് 31-നകം ഫലം പ്രസിദ്ധീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.
Discussion about this post