തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തെ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് ബിജെപിയിലെ തന്നെ ഒരു വിഭാഗം അന്വേഷണം ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തെ സമീപിച്ചെന്ന വാർത്ത തള്ളി ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രൻ. വി മുരളീധരനും കെ സുരേന്ദ്രനും ഫണ്ട് കൈകാര്യം ചെയ്തത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി. എന്നാൽ ദേശീയ നേതൃത്വത്തിന് ആരും കത്തയച്ചിട്ടില്ലെന്ന് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊടകര കള്ളപ്പണകവർച്ചാ കേസിൽ ബിജെപിക്ക് പങ്കില്ലന്നും സുരേന്ദ്രൻ പറഞ്ഞു. ഇപ്പോൾ നടക്കുന്ന വ്യാജപ്രചാരണമാണ്. കൊടകരയിലേത് ഒരു കവർച്ചാക്കേസ് മാത്രമാണ്. അതിൽ ബിജെപിക്ക് പങ്കില്ല. വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്ക് എതിരെ നിയമനടപടി സ്വീകരിക്കും. ബിജെപി അന്വേഷണത്തോട് സഹകരിക്കുന്നത് സത്യം തെളിയാൻ വേണ്ടി മാത്രമാണ്. പാർട്ടിക്ക് ഒരു പങ്കുമില്ല. നോട്ടീസ് അയച്ചാൽ അന്വേഷണത്തിന് ഹാജരാകേണ്ട ആവശ്യം പോലും ബിജെപിക്ക് ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കൊടകര കേസിൽ പോലീസ് നടത്തുന്നത് നിയമവിരുദ്ധമായ ഇടപെടലാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പോലീസ് അധികാരം ഉപയോഗിച്ച് കേസ് വഴിതെറ്റിക്കുകയാണ്. ഈ കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Discussion about this post