കൊച്ചി: ഓൺലൈനിലൂടെയും സോഷ്യൽമീഡിയയിലൂടെയും പ്രതിഷേധം ശക്തമായതോടെ ലക്ഷദ്വീപിലെ ഇന്റർനെറ്റ് വേഗം ഗണ്യമായി കുറഞ്ഞു. വാട്‌സ്ആപ്പ് സന്ദേശങ്ങൾപോലും ചില ദ്വീപുകളിൽ ലഭിക്കാത്തവിധമാണ് ഇന്റർനെറ്റ് വേഗം കുറച്ചിരിക്കുന്നത്.
മൊബൈലിൽ 4 ജി കാണിക്കുന്നുണ്ടെങ്കിലും രണ്ടുദിവസമായി സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും ബുദ്ധിമുട്ടനുഭവിക്കുന്നു. ലോക്ഡൗൺ ആയതിനാൽ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെല്ലാം ഓൺലൈനായി നടക്കുന്നതിനിടെയാണിത്. അതിനിടെ രഹസ്യദൗത്യവുമായി ലക്ഷദ്വീപിലെ ബിജെപി സംഘം ഡൽഹിയിലെത്തി. ദേശീയ നേതൃത്വത്തോട് ചർച്ച നടത്തുമെന്നാണ് സൂചന.
ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുൾ ഖാദർ ഹാജി, വൈസ് പ്രസിഡന്റ് കെപി മുത്തുക്കോയ എന്നിവരാണ് എത്തിയത്. ലക്ഷദ്വീപിന്റെ ചുമതലയുള്ള പ്രഭാരിയും ദേശീയ വൈസ് പ്രസിഡന്റുമായ എപി അബ്ദുള്ളക്കുട്ടി തിങ്കളാഴ്ച ഇവർക്കൊപ്പം ചേരും. പുതിയ ഭരണപരിഷ്‌കാരങ്ങൾ വിവാദമായതും ദ്വീപിലെ ജനത എതിരായതും ബിജെപിയെ മുൾമുനയിലാക്കിയിരിക്കുകയാണ്.