പാലക്കാട്: കൊച്ചുസമ്പാദ്യ കുടുക്ക പോലും പൊട്ടിച്ച് സമൂഹത്തിന്റെ നന്മയ്ക്കായി ചെലവഴിക്കാൻ സന്നദ്ധരായി മുന്നോട്ട് വരുന്ന കൊച്ചുകുട്ടികൾ കേരളക്കരയ്ക്ക് തന്നെ അഭിമാനമാവുകയാണ്. ചെറിയ തുട്ടുകൾ മുതൽ ആയിരക്കണക്കിന് രൂപ വരെ കുഞ്ഞുങ്ങൾ സംഭാവന നൽകി വിസ്മയിപ്പിക്കുന്നതിനിടെ താരമാവുകയാണ് പാലക്കാട്ടെ ഈ കൊച്ചുമിടുക്കിയും.
പാലക്കാട് കിണശ്ശേരി തണ്ണീർപന്തലിൽ വിജയ്‌നഗറിൽ ജ്യോതിലക്ഷ്മിയുടെ മകളായ ആറു വയസുകാരി ആര്യയാണ് അപ്പൂപ്പനും അമ്മമ്മയ്ക്കും അവരുടെ വിവാഹവാർഷിക ദിനത്തിൽ സമ്മാനം വാങ്ങി നൽകുന്നതിനായി സ്വരുക്കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. എലഗന്റ് പബ്ലിക് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് ആര്യ. തന്റെ കുഞ്ഞു കുടുക്കയിൽ സ്വരുകൂട്ടി വെച്ച 4399 രൂപയാണ് ഈ മഹാമാരി കാലത്തു മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിനു വേണ്ടി നൽകിയതെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. ആര്യ പണം കൈമാറുന്ന ചിത്രം സഹിതമാണ് മന്ത്രിയുടെ കുറിപ്പ്.
മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്:
കുട്ടികൾ വിസ്മയിപ്പിക്കുകയാണ്. ഓരോ കുഞ്ഞ് ആവശ്യങ്ങൾക്കായി തങ്ങൾ സ്വരുക്കൂട്ടിയ ചെറിയ സമ്പാദ്യങ്ങൾ പോലും എന്തൊരു ആവേശത്തോടെയാണ് അവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നത്.
നമ്മുടെ പാലക്കാടുമുണ്ട് ഇതുപോലൊരു കൊച്ചു മിടുക്കി. പാലക്കാട് :കിണശ്ശേരി തണ്ണീർപന്തലിൽ വിജയ്‌നഗറിൽ ജ്യോതിലക്ഷ്മിയുടെ മോളും ഏലഗാണ്ട് പബ്ലിക് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയുമായ 6 വയസ്സുകാരി ആര്യ.
അപ്പൂപ്പനും അമ്മമ്മക്കും അവരുടെ വിവാഹ വാർഷിക ദിനാഘോഷത്തിൽ സമ്മാനം വാങ്ങി നൽകാനായി കുടുക്കയിൽ സ്വരുകൂട്ടി വെച്ച 4399 രൂപയാണ് ഈ മഹമാരി കാലത്തു മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിനു വേണ്ടി ആ മോൾ കൈമാറിയത്. മോൾക്ക് എല്ലാ ആശംസകളും നേരുന്നു.