ലോകമെമ്പാടും സ്ത്രീകൾ ശബ്ദമുയർത്തി ശ്രദ്ധേയമായ ‘മീ ടൂ’ മൂവ്‌മെന്റിനെ താഴ്ത്തിക്കെട്ടുന്ന പ്രസ്താവനയുമായി നടി കെപിഎസി ലളിത രംഗത്ത്. മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച പ്രസ്താവന ഇതിനോടകം വലിയ വിവാദമാവുകയും ചെയ്തു. അച്ഛന്റെ പിന്തുണയോടെ ചെറുപ്പത്തിൽ ഡാൻസ് പഠിക്കാൻ പോയതും അതിനോട് സമൂഹം മോശമായി പ്രതികരിക്കുന്നതിനെയും കുറിച്ച് പറഞ്ഞുകൊണ്ടാണ് മീ ടു വെളിപ്പെടുത്തലുകൾ നടത്തുന്നവർക്കെതിരെ കെപിഎസി ലളിതയുടെ പരാമർശം.
‘അച്ഛൻ എന്നെ ഡാൻസ് ക്ലാസിൽ ചേർത്തപ്പോൾ കുടുംബക്കാരും അയൽവാസികളും തട്ടിക്കയറി. പെൺകുട്ടികളുണ്ടെങ്കിൽ സിനിമയിൽ അഴിഞ്ഞാടാൻ വിടുന്നതിനേക്കാൾ കടലിൽ കൊണ്ടുപോയി കെട്ടിതാഴ്ത്ത് എന്നാണ് പറഞ്ഞത്. കലാഹൃദയനായിരുന്ന അച്ഛൻ അനുകൂലിച്ചതുകൊണ്ടുമാത്രമാണു ഞാനൊരു കലാകാരിയായത്,’ കെപിഎസി ലളിത പറയുന്നു.
ഇതോടെ താരത്തിന് എതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യൽമീഡിയ. സിനിമാ മേഖലയിലടക്കമുള്ള തൊഴിലിടങ്ങളിൽ സ്ത്രീകൾ തങ്ങൾക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് രംഗത്തുവന്ന വിപ്ലവകരമായ ക്യാംപെയ്‌നായിരുന്നു മീ ടൂ.
കെപിഎസി ലളിതയുടെ പരാമർശത്തിനെതിരെ ദീപ നിശാന്ത് അടക്കമുള്ളവർ രംഗത്തെത്തി. അടൂർ ഭാസി തന്നെ ഉപദ്രവിച്ചെന്ന് വെളിപ്പെടുത്തുന്ന കെപിഎസി ലളിതയുടെ പരാമർശങ്ങളടങ്ങിയ ചിത്രവും ദീപ നിശാന്ത് പങ്കുവെച്ചിട്ടുണ്ട്. ‘കെ.പി.എ.സി ലളിത തന്റെ തൊഴിലിടത്തിൽ പണ്ട് നേരിട്ട ചൂഷണങ്ങൾ തന്നെയാണ് നിങ്ങൾ പരിഹസിച്ച ‘ഇന്നത്തെ പെണ്ണുങ്ങളും’ വിളിച്ച് പറയുന്നത്. അവരുടെ ‘മീ ടൂ’ വിനും നിങ്ങളുടെ ‘മീ ടൂ’വിനും തമ്മിൽ കാലഘട്ടത്തിന്റെ വ്യത്യാസം മാത്രമേയുള്ളൂ. അതിനെ ന്യൂനോക്തികൾ കൊണ്ട് തകർക്കരുത്.അപേക്ഷയാണ്,’ ദീപ നിശാന്ത് ഫേസ്ബുക്കിലെഴുതി.