തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സിനു ശബരിമലയില്‍ കയറാന്‍ പോലീസ് അനുമതി. തന്ത്രിയും പന്തളം കൊട്ടാരവും ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ പ്രവേശനത്തിന് അനുകൂല നിലപാടെടുത്ത സാഹചര്യത്തിലാണ് പോലീസ് തീരുമാനം.
ശബരിമലയ്ക്കു പോകാന്‍ കെട്ടു മുറുക്കി വന്ന നാലുപേരെ കഴിഞ്ഞ ദിവസം എരുമേലിയില്‍ വച്ച് പോലീസ് തടഞ്ഞിരുന്നു. യുവതികളുടെ വേഷത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് ശബരിമലയില്‍ പ്രവേശിക്കുന്നത് ആശയക്കുഴപ്പത്തിനിടയാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് പോലീസ് അനുമതി നിഷേധിച്ചത്. അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരെയാണ് പോലീസ് തടഞ്ഞത്.
ശബരിമലയില്‍ ദര്‍ശനം നിഷേധിക്കപ്പെട്ട ട്രാന്‍സ്ജെന്‍ഡേഴ്സ് ശബരിമല നിരീക്ഷക സമിതി അംഗം ഡിജിപി എ ഹേമചന്ദ്രനെ കണ്ട് പരാതി നല്‍കിയിരുന്നു.സുപ്രീംകോടതി വിധിപ്രകാരം ആരെയും ശബരിമല ദര്‍ശനത്തില്‍ നിന്ന് തടയാനാവില്ലെന്ന് വിലയിരുത്തിയ പോലീസ് സുരക്ഷ ഒരുക്കാമെന്ന് അറിയിച്ചു.
മുന്‍കാലങ്ങളിലും പുരുഷ വേഷമണിഞ്ഞ് ട്രാന്‍സ്ജെന്‍ഡേഴ്സ് ശബരിമലയിലെത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോളത്തെ സാഹചര്യത്തില്‍ എതിര്പ്പുയരുമെന്നതിനാലാണ് ഇന്നലെ തടസം അറിയിച്ചതെന്നുമാണ് പോലീസിന്റെ വിശദീകരണം.
വലിയ തിരക്കില്ലാത്ത ദിവസം നിലയ്ക്കലെത്തിയാല്‍ ദര്‍ശനത്തിന് സുരക്ഷ ഒരുക്കാമെന്ന് ഉറപ്പ് നല്‍കിയാണ് നിലപാട് മാറ്റിയത്. ദര്‍ശനത്തിന് എതിര്‍ക്കേണ്ടെന്ന നിലപാട് തന്ത്രിയും പന്തളം കൊട്ടാരവും പോലീസിനെ അറിയിച്ചെന്ന് ട്രാന്‍സ്ജെന്‍ഡേഴ്സും പറഞ്ഞു. ശബരിമല യാത്രയുടെ തീയതി ഉടന്‍ തീരുമാനിക്കുമെന്നും സംഘം അറിയിച്ചു.
Discussion about this post