കൊച്ചി: സ്മാർട്ട് ഫോണില്ലാത്തതിനാൽ ഓൺലൈൻ പഠനം വഴിമുട്ടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോട് പരാതി പറഞ്ഞ ചെല്ലാനത്തെ വിദ്യാർത്ഥിക്ക് ഫോൺ എത്തിച്ചുനൽകി കൊച്ചി എംഎൽഎ കെജെ മാക്സി. സ്വകാര്യ ചാനലിലെ മന്ത്രിയോട് ചോദിക്കാം പരിപാടിയിൽ വെച്ചാണ് ചെല്ലാനം സ്വദേശിയായ ഏഴാംക്ലാസുകാരൻ ജോസഫ് ഡോൺ തനിക്ക് ഫോണില്ലെന്നും പഠനം മുടങ്ങിയെന്നും മന്ത്രി വി ശിവൻകുട്ടിയോട് പരാതി പറഞ്ഞത്.
അപ്പോൾത്തന്നെ മന്ത്രി പ്രശ്നത്തിന് പരിഹാരമുണ്ടാക്കി. ടിവിയിൽ ഒരുപാട് പേർ മന്ത്രിയെ വിളിക്കുകയും പ്രശ്നം പറയുകയും ചെയ്യുന്നത് കണ്ടാണ് താനും ഫോൺ ചെയ്ത് മന്ത്രിയോട് പരാതി പറഞ്ഞതെന്ന് ജോസഫ് പറയുന്നു. ജോസഫിന്റെ വിഷമമറിഞ്ഞ മന്ത്രി നിർദേശിച്ചതുപ്രകാരം ചെല്ലാനത്തെ വെള്ളം കയറിയ വീട്ടിലേക്ക് മൊബൈൽ ഫോണും കൊണ്ട് എംഎൽഎയെത്തി.
പൊളിഞ്ഞുതുടങ്ങിയ വാടകവീട്ടിലാണ് ജോസഫ് ഡോണിന്റെ കുടുംബം താമസിക്കുന്നത്. വെള്ളം കയറിയതാണ് ഈ വീട്. പുതിയ വീട് പണിതു തുടങ്ങിയെങ്കിലും വേലിയേറ്റകാലത്ത് ജോലിയില്ലാതായതോടെ പണി തുടങ്ങിയിടത്ത് തന്നെ നിലയ്ക്കുകയായിരുന്നു.
ഇതോടെ ജോസഫും ആറാംക്ലാസുകാരൻ അനിയനും ഓൺലൈൻ ക്ലാസിന് ഫോൺ വേണമെന്ന സ്വപ്നം മാറ്റി വെച്ച് സങ്കടപ്പെട്ടിരിക്കുകയായിരുന്നു. വേണ്ടെന്ന് വച്ച ആ സ്വപ്നമാണ് ഇപ്പോൾ ചാനൽ പരിപാടിയിലൂടെ മന്ത്രി നടപ്പാക്കിക്കൊടുത്തിരിക്കുന്നത്.
Discussion about this post