തിരുവനന്തപുരം: താത്ക്കാലിക ജീവനക്കാരെ പിരിച്ചു വിടാനുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ താളം തെറ്റുന്നു. തിരുവനന്തപുരത്ത് മാത്രം ഇതുവരെ 193 സര്‍വീസുകള്‍ മുടങ്ങി.നാളെ അറുന്നൂറിലധികം സര്‍വീസുകള്‍ മുടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവിരങ്ങള്‍.
അധികം ഡ്യൂട്ടി ചെയ്യാന്‍ സ്ഥിരം കണ്ടക്ടര്‍മാര്‍ തയ്യാറാകാത്തതും സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു. കൂടുതല്‍ വേതനം വാഗ്ദാനം ചെയ്തിട്ടും സ്ഥിരം ജീവനക്കാര്‍ അധിക ഡ്യൂട്ടി സ്വീകരിക്കുന്നില്ല. ഇതോടെ കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. സ്ഥിരം കണ്ട്ക്ടര്മാരുടെ അവധി വെട്ടിക്കുറച്ച് പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലയിടത്തും സര്‍വീസ് മുടങ്ങും. കെഎസ്ആര്‍ടിസി സ്തംഭനത്തിലേക്ക് പോകുന്ന അവസ്ഥയില്‍ വിധി നടപ്പാക്കാന്‍ കൂടുതല്‍ സാവകാശം തേടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
വിധി പൂര്‍ണമായും നടപ്പാകുന്നതോടെ 3861 താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ക്കാണ് ജോലി നഷ്ടപ്പെടുക. പത്ത് വര്‍ഷത്തില്‍ താഴെ സേവന കാലാവധിയുള്ള മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും പിരിച്ചുവിടാനാണ് കോടതി ഉത്തരവ്.
കോടതി വിധി നടപ്പിലായാല്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ടാവുക താങ്ങാനാവാത്ത ബാധ്യതയായിരിക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഇനിയുള്ള നിയമ നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post