ആപ് വഴി മദ്യവില്‍പന ഇല്ല; സമയം ആകുമ്പോള്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് എക്‌സൈസ് മന്ത്രി

കൊവിഡ് മൂന്നാം തരംഗത്തിനെതിരെ കേരളം എല്ലാ മുന്‍കരുതലും എടുക്കുന്നുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

excise-minister

കണ്ണൂര്‍: തുറക്കേണ്ട സമയം ആകുമ്പോള്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കും. സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാനുള്ള സാഹചര്യം നിലവിലില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. ആപ് വഴിയുള്ള മദ്യവില്‍പന ആലോചനയിലില്ലെന്നും വിമുക്തി വ്യാപിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു.

കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന അദ്ദേഹം. ന്യൂനപക്ഷ സംവരണ അനുപാതത്തില്‍ ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്നും, ഈ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് മൂന്നാം തരംഗത്തിനെതിരെ കേരളം എല്ലാ മുന്‍കരുതലും എടുക്കുന്നുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങള്‍ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമായി ഇടപെടുന്നുണ്ട്. പാവപ്പെട്ടവരുടെ ഉന്നമനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. മാലിന്യ സംസ്‌കരണം എങ്ങനെ ശാസ്ത്രീയമായി നടത്താമെന്ന് പരിശോധിച്ചു വരികയാണ്. 2500 കോടി രൂപ ലോക ബാങ്ക് വായ്പ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ജനങ്ങളെ കൂടെ നിര്‍ത്തിയാകും കേന്ദ്രീകൃത മാലിന്യ സംസ്‌കരണം നടപ്പിലാക്കുക.

കുടുംബശ്രീയെ ശക്തിപ്പെടുത്തും. 40 ലക്ഷം പേര്‍ക്ക് 5 വര്‍ഷം കൊണ്ട് തൊഴില്‍ നല്‍കേണ്ടതുണ്ട്. ദേശീയപാത വികസനം ദ്രുതഗതിയില്‍ നടത്തും. അഴീക്കല്‍ തുറമുഖ വികസനം ഉടനടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version