തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിന് പരോക്ഷ പിന്തുണയുമായി എത്തിയ സുരേഷ് ഗോപിയെ അഭിനന്ദിച്ച് എഴുത്തുകാരന് എന്‍എസ് മാധവന് രംഗത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്.
സ്വന്തം പാര്‍ട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം നടത്തുന്ന സന്ദര്‍ഭത്തിലാണ് സുരേഷ് ഗോപി പിന്തുണയുമായി എത്തിയതെന്നും കേരളത്തിലെ മറ്റൊരു സൂപ്പര്‍സ്റ്റാറും ഈ പിന്തുണ പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം കുറിക്കുന്നു. അദ്ദേഹം അധികകാലം ആ വിഷമയമായ അന്തരീക്ഷത്തില്‍ തുടരുമെന്ന് തോന്നുന്നില്ലെന്നും എന്‍എസ് മാധവന് കുറിച്ചു.
കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിനും കുടുംബത്തിനുമെതിരായ അധിക്ഷേപത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തുവന്നത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതില്‍ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോള്‍ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ;
‘സുരേഷ് ഗോപിയുടെ രാഷ്ട്രീയം അങ്ങനെയാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ്. മനുഷ്യത്വം എന്നും അദ്ദേഹത്തില്‍ തിളങ്ങി നില്‍ക്കാറുണ്ട്. ഇപ്പോള്‍ തന്നെ നോക്കൂ, പൃഥ്വിരാജിനെ പിന്തുണക്കാന്‍ മറ്റൊരു സൂപ്പര്‍ സ്റ്റാറും തയ്യാറാകാത്തതിരുന്നപ്പോഴും സുരേഷ് ഗോപിയെത്തി. അതും, സ്വന്തം പാര്‍ട്ടിയായ ബി.ജെ.പി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സന്ദര്‍ഭത്തില്‍. അദ്ദേഹം അധികകാലം ആ വിഷമയമായ അന്തരീക്ഷത്തില്‍ തുടരുമെന്ന് തോന്നുന്നില്ല.
Discussion about this post