കോഴിക്കോട്: ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ അരങ്ങേറിയത് കണ്ണീര്‍ക്കാഴ്ച. സഹപ്രവര്‍ത്തകര്‍ രാവിലെ ജോലിക്ക് കയറിയത് കണ്ട് പിരിഞ്ഞു പോവേണ്ടി വരുമെന്നറിഞ്ഞിട്ടും ചെറിയ പ്രതീക്ഷയോടെയാണ് പലരും ഉച്ചയ്ക്ക് ശേഷത്തെ സ്പെല്ലില് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ തിങ്കളാഴ്ച ജോലിക്കെത്തിയത്.
ഒരു ദിവസമെങ്കില്‍ ഒരു ദിവസം കൂടി ജോലിക്ക് കയറാമല്ലോ എന്നായിരുന്നു അവരുടെ പ്രതീക്ഷ ഇതില്‍ എട്ട് വര്‍ഷം വരെ കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്ത കണ്ടക്ടര്‍മാരുണ്ട്. പലര്‍ക്കും ഈ ജോലിയല്ലാതെ മറ്റ് ജീവിതമാര്ഗമൊന്നുമില്ല, പക്ഷെ തിങ്കളാഴ്ചയും ഹൈക്കോടതിയില്‍ നിന്ന് ശക്തമായ വിമര്‍ശനം കെഎസ്ആര്‍ടിസി ഏറ്റ് വാങ്ങിയതോടെ പിരിച്ചുവിടല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു
അധികൃതര്‍.
സുപ്രീംകോടതി അവധി ആയതിനാല്‍ കോടതിയെ പോലും സമീപിക്കാന്‍ കഴിയാത്ത അവസ്ഥ. ഉച്ചയ്ക്ക് ശേഷമുള്ള രണ്ടാമത്തെ സ്പെല്ലില് ജോലിക്കെത്തുന്നവരോട് ജോലിക്ക് കയറേണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ പിരിച്ച്വിടല് എന്ന യാഥാര്‍ഥ്യത്തിലേക്കും അവരെത്തി ഇതോടെ ഇത്രയും വര്‍ഷം കൂടെ കൊണ്ട് നടന്ന ടിക്കറ്റ് മെഷീനും യൂണിഫോമും തിരിച്ച് നല്‍കേണ്ട ഗതികേടിലുമായി ഇവര്‍ ഇത് പല ഡിപ്പോകളിലും കരളലയിപ്പിക്കുന്ന കാഴ്ചയായിരുന്നു.
താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും തങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലെന്നാണ് ഗതാഗത മന്ത്രി രാവിലെ ചൂണ്ടിക്കാട്ടിയത് പിഎസ്സി പരീക്ഷ എഴുതിയവരെ കെഎസ്ആര്‍ടിസി വെല്ലുവിളിക്കുകയാണ് എന്ന തരത്തിലുള്ള നിരീക്ഷണങ്ങളും ഹൈക്കോടതിയില്‍ നിന്ന് വന്നതോടെ കോടതിയലക്ഷ്യം ഒഴിവാക്കാന്‍ പിരിച്ചു വിടല്‍ രേഖകള്‍ കൈമാറുന്നത് വേഗത്തിലാക്കുകയായിരുന്നു
കണ്ടക്ടര്‍മാരുടെ പിരിച്ചു വിടല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന മലബാര്‍ മേഖലയില്‍ നിന്ന് മാത്രം 850 കണ്ടക്ടര്‍മാര്‍ക്ക് രേഖകള്‍ കൈമാറിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി ഉത്തരമേഖലാ മേധാവി സിവി രാജേന്ദ്രന് പറഞ്ഞു ഉത്തരമേഖലയില്‍ സുല്‍ത്താന്‍ ബത്തേരി, കണ്ണൂര്‍, മാനന്തവാടി മേഖലകളെയാണ് കണ്ടക്ടര്‍ ക്ഷാമം വലിയ തോതില്‍ ബാധിക്കുക പക്ഷെ കോടതി വിധി നടപ്പാക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും സിവി രാജേന്ദ്രന് പറഞ്ഞു
പുതിയ കണ്ടക്ടര്‍മാരെ പിഎസ്സിയില് നിന്നും നിയമിക്കുക, താല്‍ക്കാലിക ജീവനക്കാരെ ഉടന്‍ പരിച്ച്വിടുക എന്നീ കര്‍ശന നിര്‍ദേശമാണ് ഹൈക്കോടതി കെഎസ്ആര്‍ടിസിക്കും സര്‍ക്കാരിനും നല്‍കിയത് ഇതിന്റെ ഭാഗമായി നിലവിലുള്ള ജീവനക്കാരുടെ അവധി അടക്കം വെട്ടിക്കുറച്ച് നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി മറികടക്കാന്‍ ഇതൊന്നും മതിയാകില്ലെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത് ഇതിന് പുറമെ പിരിച്ച് വിടുന്നത്ര താല്‍ക്കാലിക ജീവനക്കാരെ പിഎസ്സി വഴി നിയമിച്ച് സ്ഥിരപ്പെടുത്തുമ്പോള്‍ അത് വലിയ സാമ്പത്തിക ബാധ്യതയ്ക്കും വഴിയൊരുക്കും ഇത് കെഎസ്ആര്‍ടിസിയുടെ നിലവിലെ അവസ്ഥ പരിതാപകരമാക്കുകയും ചെയ്യും.
ചൊവ്വാഴ്ച രാവിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിട്ട സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത് ഇതുപ്രകാരം നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ട് സര്‍വീസുകള്‍ക്ക് തിങ്കളാഴ്ച രാവിലെ വലിയ തടസ്സമുണ്ടായില്ലെങ്കിലും ഉച്ചമുതലാണ് ഡിപ്പോകളില്‍ നിന്ന് താല്‍ക്കാലിക ജീവനക്കാരെ പൂര്‍ണമായും ഒഴിവാക്കി തുടങ്ങിയത് ഇതോടെ വരും ദിവസങ്ങളില്‍ ഇത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നതില് സംശയമില്ലെന്നും ഉത്തരമേഖലാ മേധാവി സിവി രാജേന്ദ്രന് ചൂണ്ടിക്കാട്ടുന്നു.
Discussion about this post