‘മുഖ്യമന്ത്രി പിണറായി വിജയന്‍ സാറിനെ എനിക്ക് നേരത്തെ അറിയാമെങ്കിലും ഞാന്‍ ഇന്നുവരെ ഒരാവശ്യത്തിനും അദ്ദേഹത്തെ സമീപിച്ചിട്ടില്ല. എന്നാല്‍ എന്റെ ഒരു മെസേജിന് വാക്കുകളിലൂടെയല്ല, പ്രവര്‍ത്തിയിലൂടെയാണ് അദ്ദേഹം മറുപടിതന്നത്, അതും ഒരു ജീവന്‍ രക്ഷിച്ചുകൊണ്ട്’ നടന്‍ ബാബു ആന്റണിയുടെ വാക്കുകളാണ് ഇത്. പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ബാബു ആന്റണി.
കൊവിഡ് രോഗിയായ യുവതിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അയച്ച താരത്തിന്റെ സന്ദേശത്തിനാണ് മുക്കാല്‍ മണിക്കൂറിനിടെ നടപടി എത്തിയത്. ഈ സാഹചര്യം വെളിപ്പെടുത്തിയാണ് താരം മുഖ്യമന്ത്രിയുടെ ഇടപെടലിനെ കുറിച്ച് പറഞ്ഞത്.
ബാബു ആന്റണിയുടെ ഒരു ഫാന്‍ കൂടിയായ യുവതി കൊറോണയാണ് തീരെ സുഖമില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന് മെസേജ് അയച്ചിരുന്നു. ഹെല്‍ത്തില്‍ വിളിച്ചപ്പോള്‍ അടുത്ത ദിവസം വരാമെന്ന് പറഞ്ഞിട്ടുണ്ടെന്നും യുവതി ബാബു ആന്റണിയോട് പറഞ്ഞു. തീരെ അവശ നിലയിലാണ് യുവതിയെന്ന് മനസിലാക്കിയ ബാബു ആന്റണി മുഖ്യമന്ത്രിയുടെ നമ്പറിലേക്ക് മെസേജ് അയക്കുകയായിരുന്നു.
കൊല്ലം ജില്ലാകളക്ടര്‍ നേരിട്ട് ഇടെപെട്ടാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് എറണാകുളം ജില്ലാ കളക്ടര്‍ വിളിച്ചറിയിച്ചതനുസരിച്ച് അവരെ എറണാകുളത്തേ്ക്ക് മാറ്റി. ഇപ്പോള്‍ യുവതി സുഖം പ്രാപിച്ചുവരികയാണ്.
ബാബു ആന്റണിയുടെ വാക്കുകള്‍;
മുഖ്യമന്ത്രി പിണറായി വിജയന്‍ സാറിനെ എനിക്ക് നേരത്തെ അറിയാമെങ്കിലും ഞാന്‍ ഇന്നുവരെ ഒരാവശ്യത്തിനും അദ്ദേഹത്തെ സമീപിച്ചിട്ടില്ല. എന്നാല്‍ എന്റെ ഒരു മെസേജിന് വാക്കുകളിലൂടെയല്ല, പ്രവര്‍ത്തിയിലൂടെയാണ് അദ്ദേഹം മറുപടിതന്നത്, അതും ഒരു ജീവന്‍ രക്ഷിച്ചുകൊണ്ട്.
എന്റെ ഫാനാണെന്ന് പരിചയപ്പെടുത്തി നിരവധി ആളുകള്‍ എനിക്ക് മെസേജ് അയക്കാറുണ്ട്. ഞാന്‍ അങ്ങനെ കാര്യമായി പ്രതികരിക്കാറൊന്നുമില്ല. എങ്കിലും വര്‍ഷങ്ങളായി മുടങ്ങാതെ സന്ദേശമയക്കുന്ന ചിലരുണ്ട്. നമ്മള്‍ ഒന്നും തിരിച്ച് പറഞ്ഞില്ലെങ്കിലും പരിഭവമൊന്നുമില്ലാതെ അന്വേഷിച്ചുക്കൊണ്ടിരിക്കുന്നവര്‍. അത്തരത്തിലുള്ളൊരു ആരാധികയായിരുന്നു ഇത്. ഇവര്‍ കൊല്ലത്താണ് താമസം.
ആരും സഹായത്തിനില്ല അവര്‍ക്ക്. ഒരു ചെറിയ കുട്ടിമാത്രമേ അവര്‍ക്കുള്ളു. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് അവര്‍ തനിക്ക് കൊറോണയാണെന്ന് പറഞ്ഞുകൊണ്ട് മെസേജ് അയച്ചു.ഞാന്‍ അവരോട് പെട്ടെന്ന് തന്നെ സുഖമാകും വേണ്ട ചികിത്സയൊക്കെ എടുക്കണമെന്ന് പറഞ്ഞു. എന്നാല്‍ അതിനുപിറ്റേദിവസം അവര്‍ തീരെ സുഖമില്ലാതായെന്നും താന്‍ ഇനി അധികം ജിവിച്ചിരിക്കുമെന്ന് തോന്നുന്നില്ലെന്നും മരിച്ചുപോയാല്‍ കുഞ്ഞിന്റെ കാര്യമെന്താകുമെന്നും ഒക്കെ ആശങ്കപ്പെട്ടു.
സത്യത്തില്‍ അപ്പോഴാണ് ഞാന്‍ ആദ്യമായി ആ സാഹചര്യത്തിന്റെ ഭീകരത മനസ്സിലാക്കുന്നത്. കൊവിഡ് എല്ലായിടത്തും ഉണ്ടെന്നും മറ്റിടങ്ങളില്‍ നടക്കുന്നതുമെല്ലാം ടിവിയിലൂടെയും വാര്‍ത്തകളിലൂടെയുമെല്ലാം അറിയുന്നുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു ആ ഭീകരരോഗം വന്നൊരാളുടെ ശബ്ദം കേള്‍ക്കുന്നത്.അവരുടെ ഓഡിയോ മെസജില്‍ നിന്നും വളരെ വ്യക്തമായി നമുക്ക് മനസ്സിലാകും അവരുടെ ദയനീയാവസ്ഥ. ഹെല്‍ത്തില്‍ അറിയിച്ചെന്നും അവര്‍ അടുത്തദിവസം വരാമെന്നും പറഞ്ഞുള്ള യുവതിയുടെ സന്ദേശമാണ് പിന്നെയെനിക്ക് വന്നത്.
ഈ കാര്യം ഞാനെന്റെ ഭാര്യയോട് പറഞ്ഞു. ആ സ്ത്രീയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍പ്പോലും ഞാന്‍ അറിയില്ല എന്നോര്‍ത്തപ്പോള്‍ മനസിന് വല്ലാത്തൊരു ഭാരം അനുഭവപ്പെടാന്‍ തുടങ്ങി. അപ്പോള്‍ എന്റെ ഭാര്യ പറഞ്ഞതിങ്ങനെയാണ്, ബോബ്, നിങ്ങള്‍ക്ക് കേരളത്തില്‍ കുറേയെറെ ബന്ധങ്ങളില്ലേ, ഡോക്ടര്‍മാരെയോ അല്ലെങ്കില്‍ പെട്ടെന്ന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്ന ആരെയെങ്കിലും ഒന്നു വിളിച്ചറിയിച്ച് അവരെ രക്ഷിക്കാന്‍ നോക്കു.
അപ്പോഴാണ് രണ്ട് ദിവസം മുമ്പ് സംവിധായകന്‍ ടി എസ് സുരേഷ് ബാബു എനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്പര്‍ തന്ന കാര്യം ഓര്‍മ്മ വന്നത്. ഞാന്‍ അദ്ദേഹത്തിന് ഇവരുടെ വിവരങ്ങള്‍ എല്ലാം അറിയിച്ചുകൊണ്ടൊരു മെസേജ് അയച്ചു. അദ്ദേഹം പ്രതികരിക്കുമെന്നോ മറുപടി തരുമെന്നോ എന്നൊന്നും പ്രതീക്ഷയില്ലായിരുന്നു. എന്നാല്‍ എന്നെ അമ്പരപ്പിച്ച കാര്യം ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍, അതായത് ഞാന്‍ മെസേജ് അയച്ച് മുക്കാല്‍ മണിക്കൂറിനുള്ളില്‍ അദ്ദേഹം നടപടിയെടുത്തുവെന്നുള്ളതാണ്.
എന്നാലത് ഈ യുവതി വിളിച്ചുപറയുമ്പോഴാണ് അറിയുന്നത്. കൊല്ലം ജില്ലാകളക്ടര്‍ നേരിട്ടിടപ്പെട്ടാണ് അവരെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് എറണാകുളം ജില്ലാ കളക്ടര്‍ വിളിച്ചറിയിച്ചതിനനുസരിച്ച് അവരെ എറണാകുളത്തേയ്ക്ക് മാറ്റി. ആ യുവതി പറഞ്ഞതിങ്ങനെ, സര്‍ വിളിച്ച് പരാതി പറഞ്ഞതുകൊണ്ടാണ് ഇങ്ങനെയല്ലാം നടന്നതെന്നും താന്‍ രക്ഷപ്പെട്ടതെന്നും. ഞാന്‍ അവരോട് പരാതിയൊന്നുമല്ല, മുഖ്യമന്ത്രിയ്ക്ക് സന്ദേശമയക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു.
ഞാനും വിജയന്‍സാറും തമ്മില്‍ മുമ്പേ പരിചയമുള്ളതാണ്. ഒരിക്കല്‍ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ തന്റെ മകന് വേണ്ടി അദ്ദേഹം എന്റെ ഓട്ടോഗ്രാഫൊക്കെ വാങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മകന്‍ എന്റെ വലിയ ആരാധകനായിരുന്നുവത്രേ. അതൊക്കെ പഴയ കഥ. എന്നാലിന്ന് അദ്ദേഹത്തോടുള്ള ആദരവും അടുപ്പവും ഈയൊരു സംഭവത്തോടെ ഒന്നുകൂടി ഊട്ടിയുറപ്പിക്കാനായി. പിന്നീട് ഞാന്‍ അദ്ദേഹത്തോട് നന്ദിപറഞ്ഞുകൊണ്ട് മെസേജയച്ചപ്പോള്‍ എന്താവശ്യവും വിളിച്ചറിയിക്കാമെന്നായിരുന്നു മറുപടി.