കോട്ടയം: കോവിഡ് ലോക്ക്ഡൗൺ കാരണം ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിട്ടതോടെ വീടുകളിൽ വാറ്റുകയാണ് കുടിയന്മാരെന്ന് എക്‌സൈസ്. മദ്യം കിട്ടക്കാനിയായതോടെ കുക്കറുകൾ ഉപയോഗിച്ച് വീടുകളിൽ വ്യാജവാറ്റ് സജീവമായിരിക്കുന്നെന്നാണ് വിവരം. വാറ്റുന്നതിൽ പരിചയമുള്ളവർ അടുക്കളയിൽ സുഖമായി വാറ്റുമ്പോൾ അത്ര പരിചയമില്ലാത്തവർ സോഷ്യൽമീഡിയയെ ആശ്രയിച്ചാണ് വാറ്റുന്നത്.
മദ്യത്തിന്റെ ലഭ്യത ഇല്ലാതായതോടെ സാനിറ്റൈസർ കുടിച്ച് മരണത്തിന് കീഴടങ്ങിയവരുടെ വാർത്തയും ഇതിനോടകം പുറത്തുവരുന്നുണ്ട്. വീടുകളിൽ അതീവരഹസ്യമായി കുക്കർ ഉപയോഗിച്ച് വാറ്റുന്നവരുടെ എണ്ണം ലോക്ഡൗണിൽ വർധിച്ചതായാണ് എക്‌സൈസ് വിലയിരുത്തൽ. സ്വന്തം ആവശ്യത്തിനായിട്ടാണ് ഭൂരിഭാഗവും ഈ രീതി തെരഞ്ഞെടുക്കുന്നതെന്നും ഇവർ പറയുന്നു.
കോട്ടയത്ത് അടുത്തിടെ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ സമാനരീതിയിൽ വാറ്റിയതായ വിവരം എക്‌സൈസിന് ലഭിച്ചിരുന്നു. അടുക്കള കേന്ദ്രീകരിച്ചായതിനാൽ രഹസ്യവിവരം ലഭിച്ചാൽ മാത്രമേ ഇത്തരക്കാരെ കണ്ടെത്താൻ കഴിയുകയുള്ളൂവെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതിനു തടയിടാൻ നിരീക്ഷണം ശക്തമാക്കിയതായാണ് എക്‌സൈസ് പറയുന്നത്.