കുട്ടനാട്: ലക്ഷദ്വീപിനെതിരെ നടക്കുന്ന പോരാട്ടത്തില്‍ പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍മീഡിയയും താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും ഒരുപോലെ രംഗത്തിറങ്ങുമ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് ദ്വീപിന്റെ സാഹോദര്യം വെളിപ്പെടുത്തി കൊണ്ടുള്ള സര്‍ക്കാരുദ്യോഗസ്ഥന്റെ കുറിപ്പ്. ആദര്‍ശ് വിശ്വനാഥെന്ന ഗ്രേഡ് വണ്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആണ് കുറിപ്പ് പങ്കുവെച്ചത്. 99 ശതമാനം മുസ്ലിം സഹോദരങ്ങള്‍ വാഴുന്ന ഇടത്ത് നിധി പോലെ കാത്തുസൂക്ഷിക്കുന്ന ശിവക്ഷേത്രമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
ആദ്യ ലോക്ഡൗണിനു രണ്ടുമാസം മുന്‍പ് 2020 ജനുവരിയിലാണ് ആദര്‍ശടക്കമുള്ള സംഘം ലക്ഷദ്വീപിലെത്തിയത്. ശുചിത്വം, മാലിന്യസംസ്കരണം എന്നീ വിഷയങ്ങളില്‍ കേരള മോഡല്‍ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തലസ്ഥാനമായ കവരത്തിയിലെ ട്രെയിനിങ് സെന്ററിലെ ഇടവേളകളിലാണ് ലക്ഷദ്വീപിന്റെ സംസ്കാരവും കാഴ്ചകളും തേടിയിറങ്ങിയത്. ഈ യാത്രയ്ക്കിടെയാണ് ഒരുദിവസം വൈകീട്ട് കവരത്തി നേവല്‍ ബേസിന് സമീപമുള്ള ശിവക്ഷേത്രത്തിലെത്തിയത്.
ലക്ഷദ്വീപുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ദ്വീപിനെ മനസ്സിലാക്കിയ തന്നെപ്പോലുള്ളവരെ അസ്വസ്ഥരാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താഴുകള്‍കൊണ്ടു പൂട്ടിയ ഗേറ്റുകളോ ശ്രീകോവിലുകളോ ദ്വീപിലെ ക്ഷേത്രത്തിനുണ്ടായിരുന്നില്ല. പ്രദേശവാസികളായ മുസ്ലിം സഹോദരങ്ങളുടെ സംരക്ഷണവലയത്തില്ത്തന്നെയാണ് ഈ ക്ഷേത്രം നിലനിന്ന് പോരുന്നത്. ദ്വീപിലെ മറ്റുകാഴ്ചകളില്‍നിന്ന് വ്യത്യസ്തമായത് ക്ഷേത്രത്തിലെ പടുകൂറ്റന്‍ ആല്‍മരമായിരുന്നു. തികച്ചും തിരുവിതാംകൂര്‍ ക്ഷേത്രങ്ങളുടെ മാതൃക. ആദര്‍ശിന്റെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ ഇതിനോടകം തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. കൊല്ലം ജില്ലയിലെ നിലമേല്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് ആദര്‍ശ് ജോലിചെയ്യുന്നത്.
കുറിപ്പ് ഇങ്ങനെ;
‘ലക്ഷദ്വീപിലെ പരിശീലനത്തിന്റെ ഇടവേളയിലാണ് കവരത്തിയിലെ ക്ഷേത്രത്തിലെത്തിയത്. 99 ശതമാനം മുസ്ലിം സഹോദരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം. അതിനു നടുവില്‍ ശാന്തസുന്ദരമായൊരു ശിവക്ഷേത്രം. ക്ഷേത്രവളപ്പിന് അവിടെക്കണ്ട മുസ്ലിം പള്ളികളേക്കാളും സ്ഥലമുണ്ടെന്നുതോന്നി. എന്നിട്ടും ഇത്രനാളും 99 ശതമാനത്തിന്റെ ഭൂരിപക്ഷത്തിന് ഇതിടിച്ചുപൊളിക്കാനോ കൈയേറാനോ തോന്നിയില്ല. അതാണ് ദ്വീപിന്റെ സാഹോദര്യം. ബാക്കിയുള്ള ഒരുശതമാനത്തെ ഹൃദയത്തോടുചേര്‍ത്തുനിര്‍ത്തുന്ന ദ്വീപിന്റെ വലിയമനസ്സ്.’
Discussion about this post