സ്വന്തം കുഞ്ഞിനെ കാണാന്‍ അനുവദിച്ചില്ല, പിറന്നാള്‍ ദിനത്തില്‍ സമ്മാനം പടിക്കല്‍ വെച്ച് മടങ്ങേണ്ടി വന്നുവെന്ന് യുവാവിന്റെ പരാതി; വിവാഹ മോചനം അനുവദിച്ചു, അമ്മയുടേത് മാനസികമായ ക്രൂരതയെന്ന് ഹൈക്കോടതി

Separate child | Bignewslive

കൊച്ചി: കുഞ്ഞിന്റെ സ്‌നേഹം നിഷേധിക്കുന്നത് ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടി യുവാവിന് ഹൈക്കോടതി വിവാഹ മോചനം അനുവദിച്ചു. തൃശ്ശൂര്‍ സ്വദേശിയായ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി വിവാഹ മോചനം അനുവദിച്ചത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. വിദേശത്ത് ബാങ്ക് മാനേജരായ ഹര്‍ജിക്കാരന്‍ 2009 – ലാണ് വിവാഹം കഴിച്ചത്. ആദ്യ നാളുകളില്‍ത്തന്നെ ഭാര്യ വഴക്കു തുടങ്ങിയെന്ന് ഹര്‍ജിയില്‍ പറയുന്നു.

2011-ല്‍ കുഞ്ഞു ജനിച്ചു. ഇതറിഞ്ഞ് ആശുപത്രിയിലെത്തിയെങ്കിലും കാണാന്‍ അനുവദിച്ചില്ല. ലീഗല്‍ സര്‍വീസ് അതോറിറ്റി ഇടപെട്ടാണ് ഹര്‍ജിക്കാരനും മാതാപിതാക്കള്‍ക്കും പിന്നീട് കുട്ടിയെ കാണാന്‍ തന്നെ സാധിച്ചത്. ശേഷം, കുട്ടിയെ വിട്ടു കിട്ടാന്‍ ഹര്‍ജിക്കാരന്‍ കുടുംബ കോടതിയെ സമീപിച്ചു. ഒത്തുതീര്‍പ്പനുസരിച്ച് ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല.

കുട്ടിയെ പിറന്നാള്‍ ദിനത്തില്‍ കാണാനെത്തിയപ്പോള്‍ സമ്മാനങ്ങളും കേക്കും വീടിന്റെ മുന്‍വാതിലില്‍ വെച്ചിട്ടു പോരേണ്ടി വന്നു. തുടര്‍ന്നാണ് വിവാഹ മോചനത്തിന് ഹര്‍ജി നല്‍കിയത്. എന്നാല്‍, ഭാര്യയുടെ ക്രൂരമായ പെരുമാറ്റം തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ഇത് തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

അച്ഛനില്‍നിന്ന് കുഞ്ഞിനെ അകറ്റി നിര്‍ത്തിയ അമ്മയുടെ നടപടി മാനസികമായ ക്രൂരതയാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. മാതാപിതാക്കളിലൊരാള്‍ കുട്ടിയെ മറ്റെയാളില്‍നിന്ന് മനഃപൂര്‍വം മാറ്റിനിര്‍ത്തുന്നത് മാനസികമായ ക്രൂരതയാണ്. ഇതു കണക്കിലെടുത്ത് ഹര്‍ജിക്കാരന് വിവാഹ മോചനത്തിന് അര്‍ഹതയുണ്ട്. ഭാര്യ ക്രൂരമായി പെരുമാറുന്നതായി ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി കുടുംബ കോടതി തള്ളിയതിനെതിരേയുള്ള അപ്പീല്‍ അനുവദിച്ചുകൊണ്ട് കോടതി വിലയിരുത്തി.

Exit mobile version