പൊന്‍കുന്നം: ഇംഗ്ലണ്ടിലെ റെഡിച്ചില്‍ നഴ്സായ ചിറക്കടവ് സ്വദേശിനി മരിച്ചു. ചിറക്കടവ് ഓലിക്കല്‍ കൃഷ്ണന്‍കുട്ടിയുടെയും ശ്യാമളയുടെയും മകള്‍ ഷീന കൃഷ്ണയാണ് മരണപ്പെട്ടത്. 43 വയസായിരുന്നു. പാലാ അമനകര സ്വദേശി ബൈജുവാണ് ഭര്‍ത്താവ്. ആയുഷ്, ധനുഷ് എന്നിവര്‍ മക്കളാണ്. സകുടുംബം ഇംഗ്ലണ്ടില്‍ താമസിച്ചു വരികയായിരുന്നു. ഷൈജു (എറണാകുളം), ഷീബ എന്നിവര്‍ സഹോദരങ്ങളാണ്.
അതേസമയം, ഷീനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. 18 വര്‍ഷമായി ഇംഗ്ലണ്ടില്‍ നഴ്സായി സേവനം അനുഷ്ഠിക്കുകയാണ് ഷീന. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ചിറക്കടവില്‍ ബന്ധുക്കളെ വിളിച്ച് മരണവിവരം അറിയിച്ചു. പനിയായിരുന്നുവെന്നും തുടര്‍ന്ന് ഹൃദയാഘാതമുണ്ടായി മരിച്ചുവെന്നുമാണ് ആദ്യം അറിയിച്ചത്.
എന്നാല്‍, ബന്ധുക്കള്‍ പരിചയത്തിലുള്ള മറ്റുള്ളവരെ വിളിച്ചപ്പോള്‍ ഷീനയുടേത് ആത്മഹത്യയാണെന്ന് അറിയിച്ചു. ഇതോടെ ഷീനയുടെ മരണത്തില്‍ ദുരൂഹത ഉയരുകയായിരുന്നു. അതിനാല്‍ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. സംഭവത്തില്‍ കുടുംബം കേന്ദ്രമന്ത്രി വി.മുരളീധരന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ക്ക് പരാതി നല്കി. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഇവര്‍ മന്ത്രിയോട് അഭ്യര്‍ഥിച്ചു.
Discussion about this post