തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യായനവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും. സ്‌കൂളുകളിലേയും കോളേജുകളിലേയും ക്ലാസുകൾ മുൻവർഷങ്ങളിലെ പോലെ തന്നെ ജൂണിൽ ആരംഭിക്കാനാണ് തീരുമാനമായിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ.
കൈറ്റ് വിക്ടേഴ്‌സ് ചാനലിലും ഓൺലൈനിലും കുട്ടികൾക്ക് ക്ലാസുകൾ ഉണ്ടാകും. ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളാണ് നിലവിൽ ജൂൺ ഒന്നിന് തുറക്കുക. ഒന്നാം ക്ലാസിൽ ഓൺലൈനായി പ്രവേശനോത്സവം നടത്തും.
പ്ലസ് വൺ ക്ലാസുകളും പരീക്ഷകളും പൂർത്തിയാകാത്തതിനാൽ പ്ലസ്ടു ക്ലാസുകൾ തുറക്കുന്നത് പിന്നീട് അറിയിക്കും. വിഷയത്തിൽ കൂടുതൽ തീരുമാനങ്ങളെടുക്കാനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗം ചേർന്നു. ജൂൺ ഒന്നിന് തന്നെ കോളേജുകളിലും അധ്യയനം ആരംഭിക്കും. ജൂൺ 15 മുതൽ അവസാനവർഷ ബിരുദ ബിരുദാനന്തര പരീക്ഷകൾ ഷെഡ്യൂൾ ചെയ്യും. ജൂലായ് 31നകം ഫലം പ്രസിദ്ധീകരിക്കാനും മന്ത്രി നിർദേശിച്ചു.