ലക്ഷദ്വീപിലെ ബംഗാരം ദ്വീപും കൊച്ചി ഗസ്റ്റ്ഹൗസും സ്വകാര്യ ഏജൻസികൾക്ക് കൈമാറാൻ നീക്കം; വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് പറഞ്ഞത് വെറും വാക്കല്ല

bangaram_

കൊച്ചി: ലക്ഷദ്വീപിലെ പരിഷ്‌കാരങ്ങളും ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നതും ടൂറിസത്തിന്റെ പേരിലാണ്. ഇപ്പോഴിതാ ലക്ഷദ്വീപിലെ ജനവാസമില്ലാത്ത ഒരു ദ്വീപ് സ്വകാര്യ ഏജൻസിക്ക് കൈമാറാനുള്ള നീക്കവും തുടങ്ങിയിരിക്കുകയാണ്. ആദ്യപടിയായി ബംഗാരം ടൂറിസം ദ്വീപിന്റെ നടത്തിപ്പും ലക്ഷദ്വീപിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി ഗസ്റ്റ്ഹൗസും സ്വകാര്യ ഏജൻസികൾക്ക് കൈമാറാൻ ഭരണകൂടം നീക്കം തുടങ്ങി.

വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലേക്കും സമാനരീതിയിൽ സ്വകാര്യവത്കരണം നടപ്പാക്കാനാണ് ആലോചന. ഇതിന്റെ ഭാഗമായി ലക്ഷദ്വീപ് ടൂറിസം വകുപ്പിനെ ദുർബലമാക്കുക എന്ന ലക്ഷ്യത്തോടെ 190 ജീവനക്കാരെ ആദ്യഘട്ടത്തിൽ പിരിച്ചുവിട്ടത്. ഇനിയും പിരിച്ചുവിടലുകൾ ഉണ്ടാകുമെന്നാണ് സൂചന.

laksha dweep

എട്ടുകിലോമീറ്റർ നീളവും നാലുകിലോമീറ്റർ വീതിയുമില്ലാത്ത ലക്ഷദ്വീപ് സമൂഹത്തിലെ ജനവാസമില്ലാത്ത ദ്വീപാണ് ബംഗാരം. പതിറ്റാണ്ടുകളായി വിനോദസഞ്ചാരത്തിന് മാത്രമാണ് ദ്വീപ് ഉപയോഗിക്കുന്നത്. ഇവിടത്തെ റിസോർട്ടിൽ വിനോദസഞ്ചാരികൾക്ക് 30 മുറികളാണുള്ളത്. റെസ്റ്റോറന്റ്, സ്‌കൂബ ഡൈവിങ്, വാട്ടർസ്‌പോർട്‌സ് സൗകര്യങ്ങളുമുണ്ട്. സ്വകാര്യ ഗ്രൂപ്പിന്റെ കൈവശമായിരുന്നു വർഷങ്ങളോളം ഈ ദ്വീപ്. നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ഭരണകൂടം തിരിച്ചുപിടിച്ചത്. കഴിഞ്ഞ കുറെ വർഷങ്ങളായി ബംഗാരം ദീപിന്റെ നടത്തിപ്പ് ലക്ഷദ്വീപ് ടൂറിസത്തിനാണ്. തദ്ദേശീയരായിരുന്നു ജീവനക്കാർ. ഇവരുൾപ്പെടെയുള്ള 190 ജീവനക്കാരെയാണ് ഇപ്പോൾ പിരിച്ചു വിട്ടിരിക്കുന്നത്.

ബംഗാരം ഇക്കോടൂറിസം കേന്ദ്രം നടത്തിപ്പിന് പഞ്ചനക്ഷത്ര റിസോർട്ട് ഗ്രൂപ്പോ അതിന് മുകളിൽ നിലവാരമുള്ളവരെയോ മാത്രമാണ് പരിഗണിക്കുക. അഞ്ചുവർഷത്തേക്കാണ് കരാർ. കാലാവധി അവസാനിക്കുമ്പോൾ അഞ്ചുവർഷംകൂടി നീട്ടിനൽകാമെന്ന് ദ്വീപ് ഭരണകൂടം പുറപ്പെടുവിച്ച രേഖകൾ വ്യക്തമാക്കുന്നു.
bangaram_1

ഇതിന് സമാനമായാണ് ലക്ഷദ്വീപ് ഭരണകൂടം നേരിട്ട് നടത്തുന്ന കൊച്ചി ഗാന്ധിനഗറിലെ ഗസ്റ്റ് ഹൗസും സ്വകാര്യ ഏജൻസിക്ക് കൈമാറാൻ പോകുന്നത്. ലക്ഷദ്വീപ് ജനത കൊച്ചിയിൽ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുമ്പോൾ താമസിക്കാൻ ഉപയോഗിക്കുന്നതാണ് ഈ ഗസ്റ്റ്ഹൗസ്. ടൂറിസം വകുപ്പിനാണ് ഗസ്റ്റ്ഹൗസിന്റെ നിയന്ത്രണവും. ഇവിടെ 58 ഡോർമിറ്ററികൾ, നാല് എസി മുറികൾ ഉൾപ്പടെ 42 മുറികൾ, റെസ്റ്റോറന്റ്, ദ്വീപിലേക്കുള്ള ടിക്കറ്റ് ബുക്കിങ് കൗണ്ടർ എന്നിവയാണ് പ്രവർത്തിക്കുന്നത്. ഈ ഗസ്റ്റ്ഹൗസ് ആദ്യമായാണ് സ്വകാര്യ ഏജൻസിക്ക് കൈമാറുന്നത്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായാണ് സൂചന.

ദ്വീപിലെ ഡെയറി ഫാമുകൾ പൂട്ടിയതിനൊപ്പം ഗുജറാത്ത് പാൽ സഹകരണ സംഘത്തിന്റെ ഉത്പന്നങ്ങൾ ദ്വീപിലെത്തിക്കാനുള്ള ശ്രമങ്ങളും ഇതിനോടകം അഡ്മിനിസ്‌ട്രേറ്റർ തുടങ്ങിയിട്ടുണ്ട്. ആദ്യ കേന്ദ്രം കവരത്തിയിൽ തുടങ്ങാൻ ഉത്തരവായി. ലക്ഷദ്വീപ് കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷനാണ് വിതരണക്കാർ. കവരത്തിയിലെ വിൽപ്പന വിലയിരുത്തി മറ്റ് ദ്വീപുകളിലും കേന്ദ്രങ്ങൾ തുടങ്ങും.

Exit mobile version