കുമളി: കോവിഡിനെ 98ാം വയസിലും പുഷ്പം പോലെ മറികടന്ന് നാടിന് തന്നെ ആത്മവിശ്വാസമായി ഈ മുത്തശ്ശി. പ്രായാധിക്യത്താൽ അവശയാണെങ്കിലും കോവിഡി നോട് പൊരുതി വിജയിക്കുകയായിരുന്നു കുമളി ഗ്രാമപഞ്ചായത്ത് 13ാം വാർഡ് കൊല്ലംപട്ടടയിൽ ചാലിങ്കൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ലക്ഷ്മി(98).
കോവിഡിനെ പൂർണമായും പരാജയപ്പെടുത്തിയാണ് ലക്ഷ്മി കോവിഡ് ചികിത്സ കേന്ദ്രം വിട്ടത്. പ്രായാധിക്യം മൂലം മുമ്പ് ശ്വാസതടസ്സവും ജീവിതശൈലീരോഗങ്ങളുമുള്ള ലക്ഷ്മി കോവിഡ് ബാധിച്ചതോടെ ഏറെ അവശയായിരുന്നു. കോവിഡ് ബാധിച്ച ഇളയ മകൻ രാജപ്പനും മരുമകൾ ഉഷക്കും ഒപ്പമാണ് ലക്ഷ്മിയെയും കുമളിയിലെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നത്.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ള ലക്ഷ്മിയെ ചികിത്സിക്കാൻ ഏറെ പ്രയാസമായിരുന്നെന്ന് ചികിത്സാ കേന്ദ്രത്തിലെ ഡോക്ടർമാരായ ബിനു കെ ജോൺ, ആസിഫ്, ഗോവിന്ദ് എന്നിവർ പറയുന്നു. എങ്കിലും ഡോക്ടർമാരുടെ നിരന്തര നിരീക്ഷണത്തിലും പരിചരണത്തിലും കോവിഡിനെതിരായ പോരാട്ടം വിജയം കാണുക തന്നെ ചെയ്തു.
രണ്ടാഴ്ചത്തെ പരിശ്രമങ്ങൾക്കൊടുവിൽ കോവിഡ് മുക്തയായ ലക്ഷ്മി മുത്തശ്ശി തിരിച്ച് വീട്ടിലേക്ക് മടങ്ങി. ഇപ്പോഴും ചികിത്സ കേന്ദ്രത്തിൽ കഴിയുന്ന മകൻ രാജപ്പന്റെ വീട്ടിലേക്കാണ് ലക്ഷ്മി മടങ്ങിയെത്തിയത്. അഞ്ച് മക്കളിൽ ഇളയ ആളാണ് ഓട്ടോ ഡ്രൈവറായ രാജപ്പൻ. ചികിത്സ കേന്ദ്രം വിട്ടെങ്കിലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ള ലക്ഷ്മിക്ക് അടിയന്തര സാഹചര്യം ഉണ്ടായാൽ വീട്ടിൽ തന്നെ ഓക്സിജൻ നൽകാനുള്ള സംവിധാനം വാർഡ് അംഗവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ശാന്തി ഷാജിമോന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
Discussion about this post