ഹരിപ്പാട്: മകള്‍ കരള്‍ പകുത്തു നല്‍കിയിട്ടും പിതാവ് മരണത്തിന് കീഴടങ്ങി. കുമാരപുരം എരിക്കാവ് മംഗലശേരി കാട്ടില്‍ വീട്ടില്‍ ദിലീപ് കുമാര്‍ (51) ആണ് ലിവര്‍ സിറോസിസ് രോഗം ബാധിച്ചു ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
തിങ്കളാഴ്ച രാവിലെ 10.30 ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗം മൂര്‍ച്ഛിച്ചു കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ദിലീപ് കുമാറിന് അടിയന്തരമായി കരള്‍ മാറ്റി വച്ചെങ്കില്‍ മാത്രമേ ജീവന്‍ രക്ഷിക്കാന്‍ കഴിയു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇതേതുടര്‍ന്നാണ് ദിലീപിന്റെ 21കാരിയായ മകള്‍ അഭിരാമി കരള്‍ പകുത്തു നല്‍കാന്‍ സന്നദ്ധയായത്. അതോടൊപ്പം തന്നെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരു വന്‍ തുക വേണ്ടിയിരുന്നു. ഈ തുക കണ്ടെത്താന്‍ കുമാരപുരത്തെ ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും ചേര്‍ന്ന് ദിലീപ് കുമാര്‍ ജീവന്‍ രക്ഷാ സമിതിക്ക് രൂപം നല്‍കി.
തുടര്‍ന്ന് സമിതിയുടെ നേതൃത്വത്തില്‍ ഓടിനടന്ന് 35 ലക്ഷത്തോളം രൂപ സമാഹരിച്ചു. ഏപ്രില്‍ ഒമ്പതിന് ആയിരുന്നു ശസ്ത്രക്രിയ. അത് വിജയകരമായി പൂര്‍ത്തിയായതോടെ നാട് ഒന്നാകെ ആഹ്ലാദത്തിലായി. എന്നാല്‍ ആ സന്തോഷത്തിന് അധികം നാള്‍ ആയുസ് ഉണ്ടായിരുന്നില്ല. ജീവിതത്തിലേക്കുള്ള മടക്കയാത്രയില്‍ ഹൃദയസ്തഭനത്തെ തുടര്‍ന്ന ആശുപത്രിയില്‍ മരിച്ചെന്ന വാര്‍ത്ത നാടിന് തീരാനൊമ്പരമായി മാറി. കുമാരപുരം സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്നു മരിച്ച ദിലീപ് കുമാര്‍.