ചെറുതോണി: ബന്ധുവായ കുഞ്ഞിന്റെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തി ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. ചേലച്ചുവടിൽ ആശുപത്രിയിൽ വച്ച് ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിലാണ് ആരോപണവിധേയർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കേസെടുത്തവരിൽ ഒരാൾ ഇസ്രയേലിൽ കൊല്ലപ്പെട്ട കീരിത്തോട് സ്വദേശി സൗമ്യയുടെ ഭർത്താവ് സന്തോഷാണ്. ഇയാളുടെ ബന്ധുക്കളാണ് മറ്റ് രണ്ടുപേർ. കഞ്ഞിക്കുഴി പോലീസാണ് കേസെടുത്തത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ കയ്യേറ്റം ചെയ്‌തെന്നാണ് ഡോക്ടർ അനൂപ് ബാബുവിന്റെ ആരോപണം. ഇന്നലെ വൈകുന്നേരത്തോടെ കീരിത്തോട് സ്വദേശികളായ സന്തോഷ്, സജി, സജീഷ് എന്നിവർ സിഎസ്‌ഐ ആശുപത്രിയിൽ വച്ച് ഡോക്ടറെ കയ്യേറ്റം ചെയ്തതായി ആശുപത്രി അഡ്മിനിസ്‌ട്രേറ്ററാണ് പരാതി നൽകിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് വയ്ക്കാതെയും ആശുപത്രിയിൽ ചുറ്റിത്തിരിഞ്ഞതു ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഡോ. അനൂപ് ബാബുവിനെ കയ്യേറ്റം ചെയ്തുവെന്നാണു പോലീസിന് ലഭിച്ച പരാതി.
എന്നാൽ കുട്ടിക്കു ചികിത്സ നിഷേധിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് സന്തോഷിന്റെ ബന്ധുക്കളുടെ വാദം. ആശുപത്രിയിലെത്തിയ പോലീസ് ആദ്യം കേസെടുക്കാതെ തിരിച്ചു പോയെങ്കിലും പിന്നീട് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സന്തോഷിന്റെ ബന്ധുവായ കുട്ടിയുടെ ചികിത്സയ്ക്കു വേണ്ടിയായിരുന്നു ഇവർ ആശുപത്രിയിലെത്തിയത്. എന്നാൽ കുട്ടിക്കൊപ്പം മൂന്ന് പേർ ആശുപത്രിയിൽ നിൽക്കരുതെന്നു ഡോക്ടർ നിർദേശിച്ചു. സാമൂഹിക അകലം പാലിച്ചു പുറത്തുപോകാൻ ആവശ്യപ്പെട്ടതോടെ തർക്കമായി. തുടർന്നു മുഖത്തടിച്ചെന്നും ഡോക്ടറുടെ പരാതിയിൽ പറയുന്നു.
Discussion about this post