തിരുവനന്തപുരം: ലക്ഷദ്വീപ് പ്രശ്നം ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കേണ്ട വിഷയമാണെന്ന നിരീക്ഷണവുമായി രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. ലക്ഷദ്വീപിന്റെ സാമ്പത്തികവും സാംസ്കാരികവുമായ തനിമ തകർക്കുന്ന നിലപാടുകളാണ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇതാണ് പ്രതിഷേധത്തിന്റെ യഥാർത്ഥ അടിത്തറയെന്ന് ജോൺ ബ്രിട്ടാസ് പറയുന്നു. ലക്ഷദ്വീപുകാരുടെ ഭക്ഷണ സ്വാതന്ത്യത്തിൽ വരെ ഭരണകൂടം കൈകടത്തുകയാണെന്നും ഒരു നാടിനെ എങ്ങനെ രക്ത കലുഷിതമാക്കാമെന്ന് അടിവരയിട്ട് കാണിച്ചു തരികയാണ് സംഘപരിവാരം ലക്ഷദ്വീപിലൂടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ജോൺ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് കുറിപ്പ്:
ലക്ഷദ്വീപ് പ്രശ്നം കേവലം ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ അല്ല. ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കേണ്ട വിഷയമാണ്. 1956ലെ ഏഴാം ഭരണഘടന ഭേദഗതി പ്രകാരമാണ് കേന്ദ്രഭരണപ്രദേശങ്ങൾ നിലവിൽ വന്നത്. ഒരു പ്രദേശത്തിന്റെ സാമ്പത്തികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ തനിമയും വ്യത്യസ്തതയും നിലനിർത്താനും പരിപാലിക്കാനും ലക്ഷ്യം വെച്ചുകൊണ്ടാണ് കേന്ദ്രഭരണപ്രദേശം നമ്മുടെ ഭരണഘടന വിഭാവനം ചെയ്തത്. ഇന്ന് ലക്ഷദ്വീപിന്റെ സാമ്പത്തികവും സാംസ്കാരികവുമായ തനിമ തകർക്കുന്ന നിലപാടുകളാണ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇതാണ് പ്രതിഷേധത്തിന്റെ യഥാർത്ഥ അടിത്തറ. താ!ഴെ പറയുന്ന കാര്യങ്ങളിലേക്ക് കണ്ണോടിച്ചാലും.
1. ലക്ഷദ്വീപുകാരുടെ പ്രധാന ഭക്ഷണമാണ് ബീഫ്.
2. സ്കൂളുകളിലടക്കം ഉച്ചക്ക് ബീഫുണ്ടായിരുന്നു.
3. ഗോവധ നിരോധനം കൊണ്ട് വന്നു.
4. സ്കൂളിലെ ഉച്ചഭക്ഷണ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കി.
5. ഡയറി ഫാമുകൾ അടച്ചു പൂട്ടാൻ ഉത്തരവായി.
6. തീരദേശ സംരക്ഷണ നിയമത്തിൻറെ മറവിൽ മൽസ്യ ജീവനക്കാരുടെ ഷെഡുകൾ എല്ലാം പൊളിച്ചുമാറ്റി.
7. ടൂറിസം വകുപ്പിൽ നിന്ന് കാരണമില്ലാതെ 190 ജീവനക്കാരെ പിരിച്ചുവിട്ടു.
8. സർക്കാർ ജീവനക്കാരിൽ തദ്ദേശീയരായ താൽക്കാലിക ജീവനക്കാരെ മുഴുവൻ ഒഴിവാക്കി. അംഗനവാടികൾ അടച്ചുപൂട്ടി.
9. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നവർക്ക് 2 മക്കളിൽ കൂടുതൽ ഉണ്ടാകാൻ പാടില്ലെന്ന നിയമം വച്ചു
10. ജില്ലാപഞ്ചായത്തിന്റെ അധികാരങ്ങൾ ആയിരുന്ന വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മൽസ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളിൽ ജനാധിപത്യ വിരുദ്ധമായ ഇടപെട്ടലുകൾ നടത്തി അധികാരം കവർന്നെടുക്കുന്നു.
11.CAA/NRC ക്ക് എതിരെ സ്ഥാപിച്ചിരുന്ന പോസ്റ്ററുകൾ മുഴുവൻ ലക്ഷദീപിൽ നിന്ന് എടുത്തു മാറ്റി അഭിപ്രായ സ്വാതന്ത്യം അടിച്ചമർത്തി.
12.ഒരൊറ്റ കുറ്റവാളി പോലുമില്ലാത്ത, ജയിലുകളും പോലീസ് സ്റ്റേഷനും എല്ലാം ഒഴിഞ്ഞുകിടക്കുന്ന മാതൃകാ പ്രദേശമായ ലക്ഷദ്വീപിൽ അനാവശ്യമായി ഗുണ്ടാ ആക്ട് നടപ്പിലാക്കി.
13.ലക്ഷദ്വീപിന് ഏറ്റവുമധികം ബന്ധമുണ്ടായിരുന്ന കേരളത്തിലെ ബേപ്പൂർ തുറമുഖവുമായുള്ള ബന്ധം അപ്പാടെ വിച്ഛേദിയ്ക്കാനും ഇനിമുതൽ ചരക്കുനീക്കവും മറ്റും മുഴുവൻ മംഗലാപുരം തുറമുഖവും ആയി വേണമെന്ന് നിർബന്ധിയ്ക്കാനും തുടങ്ങി. ഭരണനിർവ്വഹണ സംവിധാനങ്ങളിൽ നിന്ന് ദ്വീപ് നിവാസികളെ തുടച്ചുനീക്കി കൊണ്ടുള്ള ഏകാധിപത്യനീക്കം.
14.LDAR വഴി ലക്ഷദ്വീപിലെ ഭൂസ്വത്തുക്കളുടെമേലുള്ള ദ്വീപുക്കാരുടെ അവകാശം ഇല്ലാതാക്കാനുള്ള നടപടി.
15.മറൈൻ വൈൽഡ് ലൈഫ് വാച്ചേഴ്സിനെ ഈ മഹാമാരികാലത്ത് ഇല്ലാത്ത കാരണങ്ങളുടെ പേരിൽപിരിച്ച് വിട്ടു.
============================================
·അതായത് ലക്ഷദ്വീപുകാരുടെ ഭക്ഷണ സ്വാതന്ത്യത്തിൽ വരെ ഭരണകൂട കൈകടത്തൽ. സമാധാനത്തോടെ കഴിയുന്ന ഒരു നാടിനെ എങ്ങനെ രക്ത കലുഷിതമാക്കാമെന്ന് അടിവരയിട്ട് കാണിച്ചു തരികയാണ് സംഘപരിവാരം ലക്ഷദ്വീപിലൂടെ.
·ലക്ഷദ്വീപ് മയക്കു മരുന്നിന്റെയും കുറ്റകൃത്യങ്ങളുടേയും കേന്ദ്രം എന്നത് സംഘി നരേറ്റീവാണ്. വിശ്വസിക്കരുത്.. ഇന്ത്യയിൽ തന്നെ ഏറ്റവും കുറവ് ക്രൈം റേറ്റുള്ള നാടാണ് ലക്ഷദ്വീപ്.
·ലക്ഷദ്വീപിനെ മറ്റൊരു കശ്മീർ ആക്കുവാൻ അനുവദിക്കരുത്…
·ഇന്ന് ലക്ഷദ്വീപ് ആണെങ്കിൽ നാളെ അവർ നമ്മുടെ വീട്ടുമുറ്റത്തുണ്ടാകും.
അടിമുടി കാവിവത്കരണമാണ് നടക്കുന്നത്…
അനുവദിച്ചു കൊടുക്കരുത്..
ശബ്ദിക്കുക..
Discussion about this post