കൊച്ചി: പരിഷ്‌കാരങ്ങളും നിയമങ്ങളും ലക്ഷദ്വീപ് ജനങ്ങളെ വീർപ്പുമുട്ടിക്കുന്നതിനിടെ ദ്വീപിലെ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന് വാട്‌സാപ്പ് സന്ദേശം അയച്ചെന്നാരോപിച്ച് നാല് ദ്വീപ് നിവാസികൾ പോലീസ് കസ്റ്റഡിയിൽ. അഗത്തി ദ്വീപിൽ നിന്നുള്ള മൂന്ന് പേരെയും ബിത്ര ദ്വീപിൽ നിന്നുള്ള ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ എടുത്തവരിൽ ഒരാൾ സർക്കാർ ഉദ്യോഗസ്ഥനാണ്.
ഇതിൽ അഗത്തി ദ്വീപിൽ നിന്നുള്ള രണ്ട് പേർ 18 വയസിന് താഴെ പ്രായമുള്ള വിദ്യാർത്ഥികളാണ്. ഹായ് എന്ന സന്ദേശമാണ് ഇവർ അഡ്മിനിസ്‌ട്രേറ്റർക്ക് അയച്ചതെന്നാണ് ദ്വീപ് നിവാസികൾ പറയുന്നത്.
അതേസമയം, പ്രതികാര നടപടി പോലെ ദ്വീപ് നിവാസികളെ കസ്റ്റഡിയിൽ എടുക്കുമ്പോഴും ഇവിടുത്തെ ജനങ്ങൾക്ക് പ്രത്യക്ഷത്തിൽ സമരം നടത്താൻ പോലുമാകില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്ലക്കാർഡുമായി വീടിനു മുന്നിൽ നിന്നും മറ്റുമാണ് ദ്വീപ് സമൂഹം അഡ്മിനിസ്‌ട്രേറ്ററുടെ നടപടികൾക്കെതിരെ പ്രതിഷേധിച്ചിരുന്നത്.
ഇത്തരത്തിൽ പ്രതിഷേധത്തിന്റെ ഭാഗമായി ചിലർ വാട്‌സ്ആപ്പിൽ സന്ദേശങ്ങൾ അയക്കുകയായിരുന്നു. എന്നാൽ സന്ദേശത്തിൽ അഡ്മിനിസ്‌ട്രേറ്ററെ ഭീഷണിപ്പെടുത്തുന്ന ഒന്നും ഇല്ലായിരുന്നെന്നും ദ്വീപ് നിവാസികൾ പറയുന്നു. പോലീസ് നടപടിക്കെതിരെ കോൺഗ്രസും സിപിഎമ്മും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.